ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും സംയോജിപ്പിച്ച് കൂടുതല്‍ പ്രതിരോധ ശേഷി സൃഷ്ടിക്കാനാവുമോയെന്ന് പരീക്ഷണം. മിശ്രിത ഡോസുകളെക്കുറിച്ച് പഠനം നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു.
കുട്ടികളില്‍ ബയോളിജിക്കല്‍ ഇ ലിമിറ്റഡിന്റെ വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനും സമിതി ശിപാര്‍ശ നല്‍കിയിട്ടുണ്ട്. കോവാക്‌സിന്‍, കോവിഷീല്‍ഡ് സംയുക്തം സംബന്ധിച്ച് പഠനം നടത്താന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് (സിഎംസി) ആണ് അപേക്ഷ സമര്‍പ്പിച്ചത്. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷം പഠനാനുമതിക്ക് ശിപാര്‍ശ നല്‍കി.
ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഇത്തരത്തില്‍ നല്‍കിയാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുമോയെന്നാണ് പരീക്ഷണം നടത്തുന്നത്. വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.