മൂന്നാര്‍: ലോകമെങ്ങും പടരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു, മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ 49-ാം റേഷന്‍ കടയുടമ ത്യാഗരാജനാണ് അറസ്റ്റിലായത്.
ഏകദേശംനാല് ടണ്ണോളം വരുന്ന ഭക്ഷ്യവസ്തുവാണ് അനധികൃതമായി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്, മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി ഇയാളെ കസ്റ്റഡിയിലെടുത്തു, കടയുടമയുടെ ലൈസന്‍സ് താല്‍ക്കാലികമായി മരവിച്ച് കട പൂട്ടി സീല്‍ വച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനുള്ള റേഷന്‍ വസ്തുക്കള്‍ കടയിലെത്തിച്ചത്, എന്നാല്‍ പലര്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയില്ല, കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യവസ്തുക്കള്‍ കയറ്റാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു, തുടര്‍ന്നാണു താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. 55 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും വാഹനത്തില്‍ കയറ്റിയപ്പോഴാണ് പിടികൂടിയത്.