NationalNews

രാജ്യത്ത് കൊവിഡ് രോഗികള്‍ കാല്‍ലക്ഷത്തിലേക്ക്,മരണം 724,രണ്ടാം കൊവിഡ് തരംഗം മഴക്കാലത്തെത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം മഴക്കാലത്തിന്റെ സമയത്തെത്തുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ മണ്‍സൂണ്‍ സമയത്തായിരിക്കും കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വീണ്ടും സംഭവിക്കുകയെന്നാണ് ഗവേഷകര്‍ രാജ്യത്തിന് നല്‍കിയ മുന്നറിയിപ്പ്. ശിവ് നാദര്‍ സര്‍വകലാശാല മാത്തമാറ്റിക്സ് വകുപ്പ് അസോഷ്യേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യയാണ് കോവിഡിന്റെ രണ്ടാംതരംഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദിവസേന പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയാന്‍ തുടങ്ങുമെങ്കിലും രണ്ടാം തരംഗം ഉണ്ടാകും.

രാജ്യം സാവധാനം സാധാരണനിലയിലേക്കു തിരിച്ചെത്തിയാലും പകര്‍ച്ചവ്യാധി വീണ്ടും വന്നേക്കാമെന്നുമാണ് ഭട്ടാചാര്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക് നീങ്ങുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രി വരെയുള്ള കണക്കുകളാണ് ഇത്. ഇന്നലെ രാത്രി വരെ 23452 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1752 പേര്‍ക്കുകൂടി പുതുതായി രോഗം ബാധിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 724 ആയിട്ടുണ്ട്. 4813 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 9 ലക്ഷം പേര്‍ നിരീക്ഷണത്തിലാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് മരണങ്ങള്‍ 300 കടന്നു. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറില്‍ 394 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 18 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങള്‍ 301 ആയി.

രാജ്യത്തെ കൊവിഡ് രോഗികളില്‍ നാലിലൊന്നും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6817 ആണ്. മുംബൈയില്‍ മാത്രം 4447 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 242 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 11 പേരാണ്. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങള്‍ 178 ആയി.

ഈ ഒരാഴ്ചയില്‍ കൊവിഡ് ക്രമാതീതമായി വ്യാപിച്ച ഗുജറാത്തിലും സ്ഥിതിഗതികള്‍ മോശമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറില്‍ 191 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 15 കൊവിഡ് രോഗികള്‍ മരണപ്പെട്ടു. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2815 ആയി. 265 പേരാണ് രോഗമുക്തി നേടിയത്. 127 രോഗികള്‍ മരണപ്പെട്ടു. ചികിത്സയിലുള്ളവരില്‍ 29 പേര്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker