തിരുവനന്തപുരം: യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്.
ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ ചെന്നിത്തല പ്രതീക്ഷ പുലത്തിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയത്. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടലാണ് വിഡി സതീശനിലൂടെ തലമുറമാറ്റത്തിലേക്ക് എത്തിയത്.
വിഡി സതീശനെ (VD Satheesan) കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനോട് നിർദേശിച്ചിരുന്നു. വിഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു. വിഡി സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല (Ramesh Chennithala) പറഞ്ഞു.
മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാര്‍ട്ടിതല സംഘമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. മുതിർന്ന നേതാക്കളുടെ ഭൂരിപക്ഷം ലഭിച്ചിട്ടും യുവ എംഎല്‍എമാര്‍ മുഴുവനായും കൈവിട്ടതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഭൂരിഭാഗം യുവ എംഎൽഎമാരും രമേശ് ചെന്നിത്തലക്ക് എതിരായിരുന്നു എന്ന് മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും സജീവമാക്കിയിരുന്നു.