ശ്രേയ ഘോഷാല്‍ അമ്മയായി

കൊച്ചി:ഭാഷയുടെ അതിര്‍ വരമ്പുകള്‍ മറി കടന്ന്, തന്റെ ശബ്ദം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളികളേക്കാള്‍ നന്നായി മലയാളം പാട്ടുപാടുന്ന ഗായിക എന്ന് ചിലര്‍ തമാശയായി ശ്രേയയെ കുറിച്ച് പറയാറുണ്ട്. അതിലിത്തിരി കാര്യമുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ശ്രേയ. താന്‍ അമ്മയായ വിവരമാണ് താരം അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയയും ശൈലാദിത്യ മുഖോപാധ്യായയും വിവാഹിതരാകുന്നത്. ദൈവം ഒരു ആണ്‍കുഞ്ഞിനെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തൊരു വികാരമെന്നായിരുന്നു ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെയാണ് ശ്രേയ ഘോഷാല്‍ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ വിട പറയുകയാണോ എന്ന ഗാനം വന്‍ ഹിറ്റായിമാറുകയും ചെയ്തു. പിന്നെ ശ്രേയ ഘോഷാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളിയല്ലാതിരുന്നിട്ടു കൂടി തന്റെ മലയാളം ഉച്ഛാരണം കൊണ്ട് ശ്രേയ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. മിക്ക സംഗീത സംവിധായകരുടേയും ആദ്യത്തെ ചോയ്സാണ് ഇന്ന് ശ്രേയ

റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ സംഗീത രംഗത്തേക്ക് വരുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മലയാളത്തിന് പുറമെ, ഹിന്ദി, കന്നഡ, പഞ്ചാബി, തമിഴ്, മറാത്തി, ആസാമീസ്, ഭോജ്പൂരി, ഒഡിയ, ഉര്‍ദു, ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാം ശ്രേയ പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും ശ്രേയയെ തേടിയെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News