KeralaNews

കാബിനറ്റ് റാങ്ക്,വീട്, കാര്‍, ശമ്പളം, എസ്‌കോര്‍ട്ട്, സ്റ്റാഫ്,മന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാരുമായ നിരന്തര ഏറ്റുമുട്ടലാണ് പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മമെങ്കിലും വിപുലമായ സൗകര്യങ്ങളാണ് പ്രതിപക്ഷത്തിന്റെ ക്യാപ്ടനുള്ളത്.

കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്കു തുല്യമായ ശമ്പളവും അലവന്‍സുകളും, താമസിക്കാന്‍ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാന്‍ കുക്ക് മുതല്‍ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്‌സനല്‍ സ്റ്റാഫ്, സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക കാര്‍,. കൂടെ പൊലീസ് എസ്‌കോര്‍ട്ടും പൈലറ്റും. നിയമസഭയില്‍ ഏറ്റവും മുന്‍നിരയില്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കു സമീപം രണ്ടാമത്തെ സീറ്റ്. സഭയില്‍ ഓഫിസും മുറിയും വേറെ. സൗകര്യങ്ങളുടെ ത്രാസു വച്ച് അളന്നാല്‍ സംസ്ഥാനത്തു പ്രതിപക്ഷ നേതാവാകുക എന്നാല്‍ മന്ത്രിയാകുന്നതു പോലെ തന്നെയാണ്.

അധികാരമില്ലെങ്കിലും മന്ത്രിമാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും പ്രതിപക്ഷ നേതാവിനും കിട്ടും. മാത്രമല്ല, പ്രതിപക്ഷ നേതാവെന്നാല്‍ സ്വന്തം മുന്നണിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ പോന്ന പദവിയുമാണ്. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായാണ് വി.ഡി.സതീശന്‍ ചുമതലയേല്‍ക്കുന്നത്.

പി.ടി.ചാക്കോ, ഇം.എംഎസ്. നമ്പൂതിരിപ്പാട്, കെ.കരുണാകരന്‍, ടി.കെ.രാമകൃഷ്ണന്‍, പി.കെ.വാസുദേവന്‍ നായര്‍, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരായിരുന്നു രമേശ് ചെന്നിത്തലയ്ക്കു മുന്‍പ് സംസ്ഥാനത്തു പ്രതിപക്ഷ നേതാക്കളായിരുന്നവര്‍. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ വഹിച്ചിട്ടുമുണ്ട്.

മുഖ്യമന്ത്രിയാകാന്‍ ഭാഗ്യമുണ്ടാകാത്തത് 3 പേര്‍ക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പി.ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്‍, ഇപ്പോള്‍ രമേശ് ചെന്നിത്തല. നിയമസഭയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തുന്നതിനെക്കാള്‍ വേഗത്തില്‍ കന്റോണ്‍മെന്റ് ഹൗസിലെത്താം. സെക്രട്ടേറിയറ്റില്‍നിന്നു 2 കിലോമീറ്ററും നിയമസഭയില്‍നിന്ന് അര കിലോമീറ്ററും അടുത്താണ് പ്രതിപക്ഷ നേതാവിന്റെ മന്ദിരം.

ഉമ്മന്‍ചാണ്ടി ആദ്യ ടേമില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവായപ്പോള്‍ വിഎസ് സര്‍ക്കാര്‍ കന്റോണ്‍മെന്റ് ഹൗസ് അനുവദിച്ചെങ്കിലും അദ്ദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ തന്നെയാണു തുടര്‍ന്നും താമസിച്ചത്. പകരം കന്റോണ്‍മെന്റ് ഹൗസിനെ തന്റെ ഓഫിസാക്കി മാറ്റി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോള്‍ വഴുതക്കാട്ടെ വസതിയില്‍നിന്നു കുടുംബസമേതം കന്റോണ്‍മെന്റ് ഹൗസിലേക്കു മാറി.

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചയുടന്‍ തന്നെ കന്റോണ്‍മെന്റ് ഹൗസ് ഒഴിയാന്‍ തന്റെ സ്റ്റാഫിനു ചെന്നിത്തല നിര്‍ദേശം നല്‍കി.താമസം സ്വന്തം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കു ശേഷം സതീശനു കൈമാറും. പുതിയ പഴ്‌സനല്‍ സ്റ്റാഫിനെയും സതീശനു തിരഞ്ഞെടുക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker