KeralaNews

ജോലിയിൽ പ്രവേശിക്കാൻ ജോത്സ്യനെ കണ്ട് സമയം കുറിച്ചുവാങ്ങി രാഖി; ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ചു

കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ രാഖിയുടെ ചോദ്യംചെയ്യൽ ഞായറാഴ്ചയും തുടരുന്നു. വ്യാജ പിഎസ്സി റാങ്ക് പട്ടികയും അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും തയ്യാറാക്കി ജോലിയിൽ പ്രവേശിക്കാനായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയ കൊല്ലം വാളത്തുംങ്കൽ ഐശ്വര്യയിൽ ആർ രാഖി (25) യാണ് കഴിഞ്ഞദിവസം പിടിയിലായത്. റവന്യൂ വകുപ്പിൽ എൽഡി ക്ലർക്കായി നിയമനം ലഭിച്ചെന്നായിരുന്നു രാഖിയുടെ അവകാശവാദം. എന്നാൽ തഹസിൽദാർക്ക് തോന്നിയ സംശയമാണ് രാഖിയുടെ തട്ടിപ്പ് കൈയോടെ പിടികൂടാൻ ഇടയാക്കിയത്.

​നിയമനം ജൂലൈ 15ന്​

ജൂലൈ 15ന് ജോലിക്ക് പ്രവേശിക്കണമെന്നുള്ള വ്യാജ നിയമന ഉത്തരവാണ് രാഖി തയ്യാറാക്കിയത്. ഒൻപതുമാസം മുൻപ് സ്വന്തം പേരിൽ അഡ്വൈസ് മെമ്മോയും തയ്യാറാക്കിയിരുന്നു. ഇതിനോടൊപ്പം എൽഡി ക്ലർക്ക് പരീക്ഷയുടെ വ്യാജ റാങ്ക് പട്ടികയും യുവതി നിർമ്മിച്ചിരുന്നു. ഇതെല്ലാം കൊണ്ടാണ് യുവതി ജോലിയിൽ പ്രവേശിക്കാനായി കുടുംബസമേതം കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തുന്നത്.​

​തഹസിൽദാർക്ക് സംശയം​

യുവതി എത്തുമെന്ന ഔദ്യോഗിക വിവരം ലഭിക്കാത്തതിനെ തുടർന്ന് തഹസിൽദാർക്ക് സംശയം തോന്നി. എന്നാൽ റാങ്ക് പട്ടികയടക്കം കാണിച്ചായിരുന്നു യുവതി തട്ടിപ്പ് മറയ്ക്കാൻ ശ്രമം നടത്തിയത്. രാഖി നൽകിയ നിയമന ഉത്തരവിൽ റവന്യൂ ഓഫീസറുടെ ഒപ്പ് ശ്രദ്ധയിൽപ്പെട്ടതും തഹസിൽദാറുടെ സംശയം ബലപ്പെടുത്തി. റവന്യൂ വകുപ്പിലെ നിയമന ഉത്തരവിൽ ചട്ടപ്രകാരം കളക്ടറുടെ ഒപ്പായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്.​

​തട്ടിപ്പ് പൊളിഞ്ഞത്​


യുവതി തർക്കിച്ചതോടെ പിഎസ്സി ഓഫീസിൽ ബന്ധപ്പെടാൻ തഹസിൽദാർ നിർദേശിച്ചു. യുവതിയും ബന്ധുക്കളുമായി പിഎസ്സി ഓഫീസിൽ എത്തിയതോടെ ഉദ്യോഗസ്ഥർ റാങ്ക് പട്ടികയടക്കം വാങ്ങി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പൊളിഞ്ഞത്. ഉദ്യോഗസ്ഥർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി രാഖിയെ സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തതോടെയാണ് കള്ളം വെളിച്ചത്തായത്.

​മൊബൈലിൽ നിർമ്മിച്ച രേഖകൾ​


വ്യാജരേഖകൾ മൊബൈലിൽ നിർമ്മിച്ചതാണെന്നാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പിഎസ്സി തയ്യാറാക്കുന്ന മാതൃകയിൽ ഇവ നിർമ്മിച്ചു സ്വന്തം വിലാസത്തിൽ രാഖി തന്നെ അയക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. എൽഡി ക്ലർക്കിൻ്റെ വ്യാജ റാങ്ക് പട്ടികയിൽ 22-ാം റാങ്കാണ് രാഖി തനിക്ക് നൽകിയിരുന്നത്. പിഎസ്സിയുടെ യഥാര്‍ഥ റാങ്ക് ലിസ്റ്റില്‍ അമല്‍ എന്നയാൾക്കായിരുന്നു 22-ാം റാങ്ക്. ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷമാണ് വ്യാജരേഖ തയ്യാറാക്കാൻ രാഖിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് അറിയിച്ചത്.​

​രാഖി ബന്ധുക്കളെയും കബളിപ്പിച്ചു​

അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കുന്നില്ലെന്നു പറഞ്ഞു രാഖി ബന്ധുക്കളെയും കബളിപ്പിച്ചിരുന്നു. ഇതന്വേഷിക്കാനായി ബന്ധുക്കളും രാഖിക്കൊപ്പം പിഎസ്സി ഓഫീസിൽ എത്തിയിരുന്നു. ഇവരെ പുറത്തുനിർത്തിയ ശേഷം രാഖി മാത്രമാണ് ഓഫീസിലേക്ക് പ്രവേശിച്ചിരുന്നത്. ഇതുകാരണം അകത്തുനടക്കുന്നത് എന്താണെന്ന് ബന്ധുക്കൾക്കും അറിവില്ലായിരുന്നു.

​സമയം കുറിച്ചുനൽകി ജോത്സ്യൻ​

ജോലിയിൽ പ്രവേശിക്കാനുള്ള സമയം കുറിക്കാനായി രാഖി ബന്ധുക്കളെയും കൂട്ടി ജോത്സ്യനെ സമീപിച്ചിരുന്നു. ജോത്സ്യൻ കുറിച്ചുനൽകിയ സമയത്താണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. കസ്റ്റഡിയിലെടുത്ത രാഖിയുടെ ബന്ധുക്കളെ പോലീസ് വിട്ടയച്ചു. തട്ടിപ്പിൽ രാഖിയുടെ ബന്ധുക്കൾക്ക് പങ്കില്ലെന്ന് പോലീസ് നൽകുന്ന വിവരം. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നു പോലീസ് പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker