‘ഖേല്‍ രത്ന’യില്‍ നിന്ന് രാജീവ് ഗാന്ധി പുറത്ത്; ഇനി ധ്യാന്‍ ചന്ദിന്റെ പേരില്‍
ന്യൂനഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന എന്നായിരിക്കും ബഹുമതി അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചുവെന്നും അത് കണക്കിലെടുത്താണ് പേരുമാറ്റമെന്നും മോദി ട്വീറ്റ് ചെയ്തു. ‘ധ്യാന്‍ ചന്ദ് ഇന്ത്യയുടെ മുന്‍നിര കായികതാരങ്ങളില്‍ ഒരാളായിരുന്നു, ഇന്ത്യയ്ക്ക് അദ്ദേഹം അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ഉചിതമാണ്’. പ്രധാനന്ത്രി പറഞ്ഞു.
ഹോക്കിയിലെ മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ കാലഘട്ടം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. 1991-92 വര്‍ഷത്തിലാണ് ആദ്യമായി ഖേല്‍രത്‌ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെസ് മാന്ത്രികന്‍ വിശ്വനാഥന്‍ ആനന്ദിനാണ് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. ലിയാന്‍ഡര്‍ പേസ്, സചിന്‍ തെന്‍ഡുല്‍ക്കര്‍, ധന്‍രാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോര്‍ജ്, മേരി കോം, റാണി റാംപാല്‍ തുടങ്ങിയവരെല്ലാം ഖേല്‍രത്‌ന പുരസ്‌കാരം നേടിയിട്ടുണ്ട്.
25 ലക്ഷം രൂപയാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഒളിമ്പിക്‌സ് പുരുഷ, വനിത ഹോക്കിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് പുരസ്‌കാരം മാറ്റുന്നത്. ഇരു ടീമുകളും ഒളിമ്പിക്‌സ് ഹോക്കി സെമിയിലെത്തിയിരുന്നു. ഇതില്‍ പുരുഷ ടീം വെങ്കലം സ്വന്തമാക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്.