KeralaNews

മഴക്കെടുതി:തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകമായ നാശനഷ്ടമുണ്ടായ തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിൽ 571 പേരെ നിലവിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്. 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും അറിയിച്ചു. മണ്ണിടിച്ചിലും പാറ പൊട്ടി വീഴുന്നതും കണക്കിലെടുത്ത് മലയോര മേഖലയിൽ രാത്രികാല യാത്ര പൂർണമായും നിരോധിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. നെയ്യാറ്റിൻകരയിൽ ഭാഗികമായ തകർന്ന മൂന്നുകല്ല്മൂട് പാലത്തിൽ രാത്രി യാത്ര നിരോധിച്ചു.

മണ്ണിടിച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കുൾപ്പെടെ പാറ പൊട്ടിക്കലിനും മണ്ണ് മാറ്റലിനും താത്കാലികമായി നിരോധനം ഏർപ്പെടുത്താൻ കളക്ടർ ഉടൻ ഉത്തരവിറക്കും. മഴ കാരണം ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്താനും തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തിൽ ഇരു കരകളിലും താമസിക്കുന്നവർക്ക് മാറി താമസിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകും. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്ന് ആനാവൂർ, വെള്ളാർ, തിരുവല്ല, അടിമലത്തുറ, നെയ്യാറ്റിൻകര, വാമനപുരം, വിഴിഞ്ഞം, നെടുമങ്ങാട് മേഖലകളിലും ജാഗ്രതാ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് റോഡുകൾ തകർന്നിട്ടുണ്ട്. പൊതുമരാമത്ത്, ദേശീയപാത, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളാണ് തകർന്നത്. മഴ മാറുന്ന മുറയ്ക്ക് പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി.

നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പോക്കത്തെ തുടർന്ന് നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തും. വിവധ വകുപ്പുകളുടെ ഏകോപനത്തോടെ ആശ്വാസകരമായ നടപടികൾ തുടരുമെന്നും മന്ത്രിമാർ ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരാണ് ഉന്നതതലയോഗത്തിൽ പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker