KeralaNews

കനത്ത മഴ; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി,എം ജി. പരീക്ഷകള്‍ മാറ്റി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വരുന്ന രണ്ടു ദിവസം കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കാസർഗോഡ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ(ജൂലൈ 6, 2023, വ്യാഴം) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഒരു മരണം സംഭവിച്ചു. മഴയില്‍ രണ്ടു വീടുകൾ പൂർണമായും 135 വീടുകൾ ഭാഗികമായും തകർന്നു. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

പത്തനം തിട്ട ജില്ലയിൽ കനത്ത മഴയില്‍ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. കല്ലൂപ്പാറ ഭാഗങ്ങളില്‍ വെള്ളം കയറി വീടുകൾ ഒറ്റപ്പെട്ടു. കല്ലൂപ്പാറ കീരു വള്ളിപ്പടിയിൽ ഫയർഫോഴ്സ് വെളളം കയറിയ വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നു. ജില്ലയില്‍ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 581 പേരെ മാറ്റിപ്പാർപ്പിച്ചു. കോഴഞ്ചേരി താലൂക്കിൽ 2 ക്യാമ്പുകളിലായി 22 പേർ. മല്ലപ്പള്ളിയിൽ 10 ക്യാമ്പുകളിലായി 194 പേർ. തിരുവല്ലയിൽ 15 ക്യാമ്പുകളിലായി 365 പേർ. തിരുവല്ലയിൽ 113 കുടുംബങ്ങൾ ക്യാമ്പിൽ കഴിയുന്നു.

കോട്ടയത്ത് 22 ക്യാമ്പുകളും ആലപ്പുഴയിൽ ആറ് ക്യാമ്പുകളും തുറന്നു. സംസ്ഥാനത്ത് ആകെ 248 കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചു.

കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം.

കനത്ത മഴയിൽ കാസർകോട് നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു. വില്ലേജ് ഓഫീസിന്‍റെ ഭിത്തി മഴയില്‍ കുതിര്‍ന്നിരുന്നു. സമീപത്തു നിന്ന മരം കെട്ടിടത്തിലേയ്ക്ക് ചാഞ്ഞതോടെ കെട്ടിടം തകരുകയായിരുന്നു. ആളപായം ഇല്ല. കെട്ടിടത്തിന്‍റെ കാലപഴക്കമാണ് തകരാനുള്ള കാരണം. 

വില്ലേജ് ഓഫീസിലെ ഫയലുകൾ മാറ്റി. കാസർകോട് ചെറുവത്തൂർ വീരമലക്കുന്നിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ രൂക്ഷം. തൃക്കണാട് തീരദേശ മേഖലയിൽ 2 വീടുകൾ കടലെടുത്തു. 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഉദുമ കൊപ്പൽ മേഖലയിൽ മരം കടപുഴകി വൈദ്യുത തൂണിൽ വീണ് 22 വൈദ്യുത തൂണുകൾ നിലം പതിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.

കോട്ടയത്ത് മീനച്ചില്‍ ആറ് കരകവിഞ്ഞ് ഒഴുകുന്നു. തിരുവാർപ്പ്, അയമനം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അയ്മനത്ത് കാക്കശ്ശേരി പാലത്തിനു സമീപം മടവീഴ്ച. 75 ഏക്കർ വിസ്തൃതമായ ഇരവിശ്വരം പാടശേഖരത്തിൽ വെള്ളം കയറി. 22 ക്യാമ്പുകള്‍ കോട്ടയത്ത് തുറന്നിട്ടുണ്ട്.

തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിൽ കടൽ ക്ഷോഭം രൂക്ഷം. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ചില വീടുകൾ ഭാഗികമായി തകർന്നു. ശക്തമായ തിരയിൽ വെള്ളം റോഡിലേക്കും കയറി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ അവിടേക്കു മാറ്റും.

പാലക്കാട് മുണ്ടൂരില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. സുനിത പ്രകാശിന്‍റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ആളപായമില്ല. പാലക്കാട് ഇന്ന് ഉച്ചയ്ക്കു ശേഷം കനത്ത മഴയാണ്. പുഴ, തോട്, കനാല്‍ തുടങ്ങിയ ഇടങ്ങളിലൊന്നും ഇറങ്ങരുത് എന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭവാനി പുഴയുടെയും ഭാരതപുഴയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker