26.1 C
Kottayam
Monday, April 29, 2024

കോടതി വരാന്തയിൽ കഞ്ചാവ് കൈമാറ്റം, തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം,രണ്ടുപേർ അറസ്റ്റിൽ

Must read


കോട്ടയം: കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വീട്ടിൽ മനു മോഹൻ (33), ആർപ്പൂക്കര വില്ലൂന്നി പാലത്തൂർ വീട്ടിൽ ടോണി തോമസ് (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വന്നിരുന്ന മനുമോഹനെ കേസിന്റെ വിചാരണയ്ക്കായി കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ച സമയം വരാന്തയിൽ വച്ച് ഇയാൾക്ക് കഞ്ചാവ് നൽകുവാൻ ടോണി തോമസ് ശ്രമിക്കുകയും ഇത് എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തടയുകയുമായിരുന്നു.

ഇതിലുള്ള വിരോധം മൂലം മനുമോഹൻ പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു.കൂടാതെ കോടതി വരാന്തയിൽ സ്ഥാപിച്ചിരുന്ന നോട്ടീസ് ബോർഡിന്റെ ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു.

തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ മനുമോഹന് കഞ്ചാവ് എത്തിച്ചു കൊടുക്കാൻ ശ്രമിച്ച കേസിലാണ് ടോണി ടോമിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 32 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ്.എൻ, എസ്.ഐ പ്രദീപ് എം.എസ്, അജി പി. ഏലിയാസ്, നിസാർ, എ.എസ്.ഐ അജിത് കുമാർ, സി.പി.ഓ മാരായ കിരൺ കർത്ത, പ്രിയ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week