കോട്ടയത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ


കോട്ടയം: കോട്ടയത്ത് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഗാന്ധിനഗർ പെരുമ്പായിക്കാട് ചെട്ടിശ്ശേരി വീട്ടിൽ മാഹിൻ (28) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ വീട്ടിൽ വില്പനയ്ക്കായി എം.ഡി.എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഗാന്ധിനഗർ പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇയാൾ പിടിയിലാവുന്നത്.

പോലീസിന്റെ പരിശോധനയിൽ 31 ഗ്രാം എം.ഡി.എം.എ യും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News