KeralaNews

പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ റെഡ് വോളന്റിയറാക്കുമോ? എ.എ റഹിമിനോട് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കള്ളടത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരാളെ റെഡ് വോളന്റിയര്‍ ആക്കുമോ എന്നും ചിലതൊക്കെ ചെയ്യരുത് എന്നു കൂടി ആര്‍ജ്ജവത്തോടെ പ്രവര്‍ത്തകരോട് പറയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ വിശദരൂപം;

പ്രിയ സഖാവ് റഹീം,
‘പിറകിലുണ്ട് കത്തികള്‍, ചുവരിനുണ്ട് കാതുകള്‍ കരുതി വേണം നീങ്ങുവാന്‍ സഹജരെ സഖാക്കളെ ‘
ഈ അടിക്കുറിപ്പോടുകൂടി റെഡ് വോളന്റിയര്‍ പരേഡ് നയിക്കുന്ന സഖാവ് അര്‍ജുന്‍ ആയങ്കിക്കാണ് സംഘടനയുമായി ബന്ധമില്ലായെന്ന് റഹീമടക്കമുള്ള നേതാക്കള്‍ ആണയിടുന്നത്. ജോസഫൈന്‍ രാജി വെക്കണ്ട കാര്യമില്ലായെന്ന് പറഞ്ഞിട്ടും, അവര്‍ രാജി വെച്ചതിനാല്‍, റഹീമിന്റെ നിലപാടിനും വെള്ളത്തിലെ വരയ്ക്കുമൊക്കെ ഒരേ ഗൗരവം കൊടുത്താല്‍ മതി എന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും, അദ്ദേഹം ഡിവൈഎഫ്ഐ സെക്രട്ടറി തന്നെയാണ്.

ആ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുവാനുണ്ട്.
1) പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങള്‍ റെഡ് വോളന്റിയറാക്കുമോ?
2) വോളന്റിയര്‍ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയില്‍ പരിശീലനം നേടിയവരാണ്. അര്‍ജ്ജുന്‍ ആയങ്കി ഈ പരേഡിനെ നയിക്കുമ്പോള്‍ അയാള്‍ക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെ?
3) സോഷ്യല്‍ മീഡിയയില്‍ താങ്കളെക്കാള്‍ സജീവമായി ഇടതുപക്ഷത്തിനു വേണ്ടി ഇടപെടല്‍ നടത്തുകയും, താങ്കളെക്കാള്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ അണികള്‍ക്ക് എന്തു കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്കിയില്ല?

4) അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദര്‍ശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അര്‍ജ്ജുന്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവനായി?
5) സ്വര്‍ണ്ണക്കടത്തുകാരെ പിന്തുണയ്ക്കുന്നതും വാഴ്ത്തുന്നതും ഇനിയെങ്കിലും നിര്‍ത്തണമെന്നും, സഖാക്കള്‍ക്കിനിയും ബോധ്യമായില്ലായെന്നും നിങ്ങളുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ട് പറയണ്ടി വന്നു?
6) കൊടി സുനി മുതല്‍ കുഞ്ഞനന്ദന്‍ വരെയുള്ളവര്‍ക്ക് വര്‍ത്തമാന കാലത്തും, വാടിയ്ക്കല്‍ രാമകൃഷ്ണനെ കൊന്ന വ്യക്തിക്ക് ഇന്നലെകളിലും സിപിഐഎമ്മില്‍ ലഭിച്ച സ്വീകാര്യതയല്ലേ ചെറുപ്പക്കാരെ ക്രിമിനലിസത്തിലേക്ക് ആകര്‍ഷിക്കുന്നത്

7) പാര്‍ട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടാണോ ഈ ക്രിമിനലുകള്‍ അഴീക്കോട് സുമേഷിനു വേണ്ടിയൊക്കെ പ്രചാരണത്തില്‍ സജീവമായി നിന്നത്?
ഇത്രയും പാര്‍ട്ടിയില്‍ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലായെന്ന് പറയുമ്പോള്‍, നാളെ താങ്കള്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലായെന്ന് അവര്‍ തിരിച്ച് പറയുമോ? ‘നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ‘ എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. ‘ചിലതൊക്കെ ചെയ്യരുത്’ എന്നു കൂടി ആര്‍ജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker