ബെംഗളൂരു:കർണാടകയിൽ പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ ഇളവ്. കോവിഡ് രഹിത സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല എന്നതടക്കമുള്ള നിബന്ധനകൾ പാലിക്കണം.
ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകൾ കണക്കിലെടുത്താണ് ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ എന്ന നിബന്ധനയിൽ കർണാടക ആരോഗ്യ വകുപ്പ് ഇളവ് നൽകുന്നത്.അതേസമയം കർണാടകയിൽ സ്ഥിരം വിദ്യാർഥികൾ ആയവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ ഇളവില്ല. ഇവർ പഠിക്കുന്ന സ്ഥാപനങ്ങൾ ക്വാറന്റീൻ കേന്ദ്രങ്ങൾ ഒരുക്കണം.
ഏഴാം ദിവസം വിദ്യാർഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആയാൽ മാത്രമേ കോളേജിൽ പ്രവേശിക്കാൻ പാടുള്ളൂ. ഇതേ നിബന്ധനകൾ തന്നെയാണ് കർണാടകയിൽ ജോലിക്കെത്തുന്നവരുടെ കാര്യത്തിലും ഉള്ളത്. കേരളത്തിൽ നിന്നെത്തുന്ന തൊഴിലാളികൾക്കായി കമ്പനികൾ ക്വാറന്റീൻ കേന്ദ്രങ്ങൾ ഒരുക്കണം.
കേരളത്തിൽ നിന്ന് ഹൃസ്വ സന്ദർശനത്തിന്( മൂന്നു ദിവസം ) എത്തുന്നവർക്കും ഇൻസ്റ്റിറ്റിയൂഷണൽ ക്വോറന്റൈൻ വേണ്ട. മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഇളവുണ്ട്. ആരോഗ്യ പ്രവർത്തകർ, കർണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ, രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവരെയും പുതിയ ഉത്തരവ് പ്രകാരം നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.