ബംഗളുരു: കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പ്രചരണം. പുനീതിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 29ന് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ വീണ നടനെ രമണ റാവുവിന്റെ ക്ലിനിക്കിലായിരുന്നു ആദ്യം എത്തിച്ചത്.
പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്.
അപ്പുവില്‍ നിന്ന് ഇത്തരം ഒരുവാക്ക് താന്‍ കേട്ടിട്ടില്ലെന്നും ക്ലിനിക്കില്‍നിന്ന് കാറില്‍ കയറിയപ്പോള്‍ തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി ടീമിനോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചരുന്നതായും ഡോകര്‍ പറഞ്ഞു. പ്രമേഹം, ക്രമരഹിതമായ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിന് കാരണമാകാം. എന്നാല്‍ ഇത്തരം പ്രശ്നങ്ങളും ഇല്ലാതിരുന്നാല്‍ എന്താണ് സംഭവിച്ചതെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു വ്യക്തമാക്കി.
പുനീത് രാജ്കുമാറിന്റെഅകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല.ഒക്ടോബര്‍ 29നായിരുന്നു കര്‍ണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം.അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ ഏഴു പേര്‍ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേര്‍ താരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞുള്ള ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുനീതിന്റെ മരണത്തിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.മരണശേഷം പുനീത് കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. അത്തരത്തില്‍ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകര്‍ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് അഞ്ച് ലക്ഷവും നല്‍കി.നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം.
ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്‌ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.
പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടന്‍ വിശാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇത്തരത്തില്‍ ആരാധകരുമായി വലിയ അടുപ്പം സൂക്ഷിച്ച താരത്തിന്റെ വിയോഗത്തില്‍ പല തരത്തിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്.