‘ഒരു ഒ.ടി.ടി അപാരത’; ആന്റണി പെരുമ്പാവൂരിനെ ട്രോളി നടന്‍ വിനായകന്‍
കൊച്ചി:മരക്കാര്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനെ ട്രോളി നടന്‍ വിനായകന്‍.
സോഷ്യല്‍മീഡിയയില്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് വിനായകന്‍ ഇത്തവണയും രംഗത്തെത്തിയത്. ഒരു ഒ.ടി.ടി അപാരത എന്ന് എഴുതിയ ന്യൂസ് ചാനലിന്റെ പോസ്റ്ററാണ് വിനായകന്‍ പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ചിത്രം അടങ്ങിയതാണ് പോസ്റ്റര്‍.
നേരത്തെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ‘ആശങ്കപ്പെടേണ്ട ഇവന്‍മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്ന തരത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിനായകന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിനായകന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
ഇതുസംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിനായകന്‍ പങ്കുവെച്ചു. അധിക്ഷേപകരമായ പ്രതികരണങ്ങളില്‍ ഭൂരിഭാഗം പ്രൊഫൈലുകളും സ്വയം മോഹന്‍ലാല്‍ ഫാന്‍സ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നവയാണ്. മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ തുടരുന്ന തിയേറ്റര്‍- ഒടിടി വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി വിനായകന്‍ രംഗത്തെത്തിയത്.