കൊച്ചി: തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.
ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം റിവ്യു പറയുന്നവരെ ഇനി തീയറ്റർ പരിസരത്ത് കയറ്റില്ലെന്നും പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നാം തിയതി സിനിമ സംഘടനകൾ സംയുക്ത യോഗം ചേരും.
ഒക്ടോബര്‍ 25നാണ് സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയില്‍ ആയിരുന്നു കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. വിഷയത്തില്‍ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്.
നേരത്തെ ആരോമലിന്‍റെ ആദ്യ പ്രണയം എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ നൗഫല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. പിന്നാലെ സിനിമകള്‍ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണവും നടന്നു.
എന്നാല്‍ ഇത്തരമൊരു ഉത്തരവ് പ്രകടിപ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തിമാക്കി രംഗത്തെത്തി.