NationalNews

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന്; രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആരാകും

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക. ഇതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്‌കെ, ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകള്‍ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണറാണ് അനുസൂയ. ദ്രൗപതി മുര്‍മു ജാര്‍ഖണ്ഡ് മുന്‍ഗവര്‍ണറും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, രാജ്യതലസ്ഥാന പ്രദേശമായ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. രാജ്യസഭയിലെയും ലോക്‌സഭയിലെയും സംസ്ഥാനനിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗണ്‍സിലിലെ അംഗങ്ങള്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.

എന്‍.ഡി.എ. ഘടകകക്ഷികള്‍ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിക്കുന്ന ബിജെപി കാര്യമായ വെല്ലുവിളി കൂടാതെ തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണ്. പ്രതിപക്ഷമാകട്ടെ പൊതുസമ്മതനായ ഒരാളെ മത്സരിപ്പിച്ചേക്കും. ജാതി സെന്‍സസ് വിഷയത്തില്‍ ബിജെപിയുമായി ഉടക്കി നിന്ന നിതീഷ് കുമാറിന്റെ നിലപാട് നിര്‍ണായകമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker