28.9 C
Kottayam
Tuesday, May 7, 2024

കൈകളില്ല, കാലിലൂടെ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്; കേരളത്തില്‍ ആദ്യം

Must read

പാലക്കാട്: ഇരു കൈകളുമില്ലെങ്കില്‍ ശക്തമായ ചുവടുകളുമായി മുന്നോട്ടുപോകുന്ന പ്രണവ് മലയാളികള്‍ക്ക് പരിചിതനാണ്. ഇപ്പോള്‍ കൊവിഡ് വാക്‌സിനെടുത്ത് പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഈ 22 കാരന്‍. കൈകളില്ലാത്തതിനാല്‍ കാലുകളിലൂടെയാണ് പ്രണവ് വാക്‌സിന്‍ സ്വീകരിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വാക്‌സിനേഷന്‍ നടക്കുന്നത്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിള്‍ ചവിട്ടിയാണ് ആലത്തൂര്‍ പഴയ പോലീസ് സ്റ്റേഷനിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛന്‍ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. എന്നാല്‍ ഇരു കൈകളുമില്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പില്‍നിന്നു നിര്‍ദേശം എത്തിയതോടെ കാല്‍ വഴി വാക്‌സിന്‍ സ്വീകരിച്ചു.

കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്‌സിനേഷന്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണു കാല്‍വഴിയുള്ള തന്റെ വാക്‌സിനേഷനെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയില്‍ തളരാത്ത പ്രണവ് എന്നും മലയാളികളെ അമ്പരപ്പിക്കാറുണ്ട്. ചിത്രകാരന്‍ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week