25.4 C
Kottayam
Sunday, May 19, 2024

ഹജ്ജ് വിസയുള്ളവര്‍ക്ക് പ്രവേശനം ഈ നഗരങ്ങളില്‍ മാത്രം; ജോലിക്ക് ഉപയോഗിച്ചാല്‍ കടുത്ത നടപടി

Must read

റിയാദ്: വിദേശികള്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി അനുവദിക്കുന്ന വിസ ഉപയോഗിച്ച് ജിദ്ദ, മദീന, മക്ക എന്നീ നഗരങ്ങളില്‍ മാത്രമേ യാത്രാനുമതി ഉള്ളൂ എന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ നഗരങ്ങള്‍ക്കു പുറത്തേക്ക് വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഈ യാത്രാ നിയന്ത്രണം ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബാധകമല്ല. അതിനു പുറമെ, ഹജ്ജ് വിസ ഉപയോഗിച്ച് രാജ്യത്ത് എവിടെയെങ്കിലും ജോലിക്കോ താമസത്തിനോ ശ്രമിക്കുന്നതും കുറ്റകരമാണ്. ഇക്കാര്യത്തില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സൗദിയില്‍ നിന്ന് നാടുകടത്തും. എന്നു മാത്രമല്ല, ഭാവിയില്‍ ഹജ്ജ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് വിസ ഉപയോഗിച്ച് ഉംറ നിര്‍വ്വഹിക്കുന്നതിനോ ശമ്പളമില്ലാത്തതാണെങ്കില്‍ പോലും ഏതെങ്കിലും തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിനോ അനുവാദമില്ലെന്നും അധികൃതര്‍ അറിയിച്ചു. ജൂണില്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജിനായി ലോകമെമ്പാടുള്ള 20 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ രാജ്യത്തെത്തുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അനധികൃത തീര്‍ഥാടകരെ തിരിച്ചറിയുന്നതിനായി തീര്‍ഥാടകര്‍ക്ക് പ്രത്യേക ടാഗ് നല്‍കാനുള്ള പദ്ധതി സൗദി അധികൃതര്‍ നേരത്തേ പഖ്യാപിച്ചിരുന്നു.

ഹജ്ജുമായി ബന്ധപ്പെട്ട് മക്കയില്‍ വിവിധ മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയര്‍ അബ്ദുല്‍റഹ്മാന്‍ അല്‍ അമര്‍ അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനുകളാണ് സ്വീകരിക്കേണ്ടത്.

കോവിഡ് വാക്‌സിനു പുറമെ, മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്സിനുകളും സ്വീകരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹത്തീ ആപ്ലിക്കേഷന്‍ വഴി സ്ലോട്ട് ബുക്ക് ചെയ്ത ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിനുകള്‍ എടുക്കാം. ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെയും തൊഴിലാളികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് നിര്‍ദ്ദേശമെന്നും മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week