കോട്ടയത്ത് കാറില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍; അച്ഛന്‍ വണ്ടിയില്‍ നായയെ കെട്ടിയത് അറിഞ്ഞില്ലെന്ന് മൊഴി

കോട്ടയം: കോട്ടയത്ത് കാറില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ടാറിട്ട വഴിയിലൂടെ വേഗത്തില്‍ സഞ്ചരിച്ച കാറിന് പിന്നില്‍ നിരങ്ങി ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് നായ ചത്തിരിന്നു. സംഭവം കണ്ട നാട്ടുകാരാണ് പരാതിയുമായി പോലീസില്‍ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയര്‍ക്കുന്ന സ്വദേശിയായ ജെഹു കുര്യന്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ നായയെ പിന്നില്‍ കെട്ടിയിട്ടിരുന്ന വിവരം താന്‍ അറിഞ്ഞില്ലെന്നാണ് യുവാവ് പറയുന്നത്. ഞായറാഴ്ച അയര്‍ക്കുന്നം- ചേന്നാമറ്റം റോഡില്‍ പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. നാട്ടുകാരാണ് കാറിനു പിന്നില്‍ കെട്ടിവലിച്ച നിലയില്‍ നായ പോകുന്നതു കണ്ടത്. സിസിടിവിയിലും ഇത് കണ്ടെത്തിയതോടെ സംഭവം പോലീസില്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ വാഹന നമ്പര്‍ വ്യക്തമായിരുന്നില്ല.

തുടര്‍ന്ന് ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് ഒരു പകല്‍ നടത്തിയ അന്വേഷത്തിലാണ് യുവാവ് അറസ്റ്റിലാവുന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ അയര്‍ക്കുന്നത്തു നിന്ന് പണമെടുക്കാന്‍ പോയ താന്‍ എടിഎമ്മിന് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് നായ കയറില്‍ കുരുങ്ങിയ നിലയില്‍ ചത്തു കിടക്കുന്നതു കണ്ടത് എന്നാണ് ഇയാള്‍ പറയുന്നത്.

തലേദിവസം രാത്രി മഴ പെയ്തപ്പോള്‍ യുവാവിന്റെ അച്ഛന്‍ നായയെ വാഹനത്തിനു പിന്നാല്‍ കെട്ടിയിടുകയായിരുന്നു. ഇത് അറിയാതെയാണ് താന്‍ പുലര്‍ച്ചെ വാഹനമെടുത്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News