FeaturedKeralaNews

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങും; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കൊവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കൊവിഡ് ഭേദമായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ വ്യാഴാഴ്ചകളിലും മെഡിക്കല്‍ കോളേജുകളില്‍ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളില്‍ മാനേജ്മന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളില്‍ പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലും ജില്ലാ തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തിലും സ്ഥാപനങ്ങളില്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുമായിരിക്കും സമിതികള്‍ പ്രവര്‍ത്തിക്കുക. സ്വകാര്യ ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ മേല്‍നോട്ടത്തിനായി ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നതാണ്.

എല്ലാ രോഗികള്‍ക്കും സിഫ്എല്‍റ്റിസി, സിഎസ്എല്‍റ്റിസി, ഡിസിസി, കോവിഡ് ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കും. ഫീല്‍ഡ് തലത്തില്‍ ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെക്കുറിച്ച് കോവിഡ് മുക്തരായവര്‍ക്ക് ബോധവത്കരണം നല്‍കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ പ്രത്യേക റജിസ്റ്റര്‍ സൂക്ഷിക്കും.

ഫീല്‍ഡ് തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ അതത് പ്രദേശത്തുള്ള കോവിഡ് മുക്തരായവര്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ എത്തി സേവനം തേടുന്നുവെന്ന് ഉറപ്പ് വരുത്തും. ആശുപതികളില്‍ ചികിത്സയ്ക്കായി എത്തുന്ന കോവിഡ് രോഗികളുടെ പേരും മേല്‍വിലാസവും അതതു പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും.

പിഎച്ച്‌സി, എഫ്എച്ച്‌സി, സിഎച്ച്‌സി തലത്തില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ എത്തുന്ന രോഗികളെ രജിസ്റ്റര്‍ ചെയ്യുകയും അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ദ്വീതീയ, ത്രിതീയ തല ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. രോഗികളുടെ റഫറല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും റിക്കാര്‍ഡ് ചെയ്യും.

താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ ടെലി മെഡിസിന്‍ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്. ജനറല്‍ മെഡിസിന്‍, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്‍, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി, അസ്ഥിരോഗവിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിര്‍ത്തുവാനുള്ള വിവിധ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പള്‍മണറി റിഹാബിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും. ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന പള്‍മണറി റിഹാബിലിറ്റേഷന്‍ ക്ലിനിക്കുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിന്റെയും പരിശീലനം ലഭിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ് എന്നിവരുടയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker