പൊറോട്ടയുടെ ജി.എസ്.ടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ‘പൊറോട്ട സോംഗ്’
പൊറോട്ടയുടെ ജി.എസ്.ടി വര്‍ധിപ്പിച്ച നടപടിക്കെതിരെ പൊറോട്ട ഹാഷ്ടാഗുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ടന്‍ഡിംഗാണ്. ഇതുവരെ കണ്ട മലയാളി പ്രതിഷേധങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ലോക മലയാളികളുടെ പൊതു ശബ്ദമായൊരു പൊറോട്ട സോംഗ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഫേസ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെയാണ് പൊറോട്ട സോംഗ് പുറത്തിറക്കുന്നത്, മല്ലു കഫേക്ക് വേണ്ടി ഗ്രൂപ്പിലെ തന്നെ അംഗമായ പ്രശാന്ത് ഐഎഎസ്(കളക്ടര്‍ ബ്രോ) ആണ് വരികള്‍ എഴുതിയത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷിബു ജോഷ്യോയും റിയാസ് മുഹമ്മദും ചേര്‍ന്നാണ്. മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ ഡാറ്റസ് വേലായുധനും മുംബൈ മലയാളിയും ചലചിത്ര പ്രവര്‍ത്തകയുമായ ലിനി സുഭാഷും ചേര്‍ന്നാണ് സംവിധാനം.
ലോക്ക്ഡൗണ്‍ പരിമിതികള്‍ കൊണ്ടുതന്നെ, തമ്മില്‍ കാണാതെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ചലച്ചിത്രതാരം ജയസൂര്യ, അനൂപ് മേനോന്‍, നടി നിഖില വിമല്‍, സംവിധായകന്‍ ഒമര്‍ ലുലു, ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവ്, പ്രശസ്ത ബ്ലോഗര്‍ ബല്ലാത്ത പഹയന്‍ വിനോദ് നാരായണന്‍, ഗായിക സിത്താര, ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി, പ്രശസ്ത മോഡല്‍ അജ്മല്‍ ഖാന്‍, അടക്കം പ്രമുഖരുടെ ഓഫിഷ്യല്‍ പേജിലൂടെ പുറത്തിറങ്ങിയ പൊറോട്ട അല്‍പ്പസമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.