കളമശേരി മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കൊവിഡ് വാര്‍ഡിലെ നഴ്‌സ് കുടുങ്ങിക്കിടന്ന് മണിക്കൂറുകൾ

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ നഴ്സ് മണിക്കൂറുകള്‍ കുടുങ്ങിക്കിടന്നു. കൊവിഡ് വാര്‍ഡിലെ നഴ്സായ താഹിറയാണ് ലിഫ്റ്റില്‍ കുടുങ്ങിപ്പോയത്. അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളില്‍ വീണ നഴ്‌സിനെ അവശനിലയിലാണ് പുറത്തെടുത്തത്. നഴ്സ് പിപിഇ കിറ്റ് ധരിച്ചിരുന്നു.

ഓപ്പറേഷന്‍ തീയറ്ററിലേക്ക് എക്കോ മിഷ്യനുമായാണ് നഴ്സ് ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റില്‍ മൂന്ന് ട്രോളിയും ഉണ്ടായിരുന്നു. നില്‍ക്കാന്‍ കുറച്ചുസ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ലിഫ്റ്റ് മുകളിലേക്ക് ഉയരുന്നതിനിടെ ബ്ലോക്കാവുകയായിരുന്നു. ലിഫ്റ്റില്‍ ഉറക്കെ തട്ടിയിട്ടും ആരും കേട്ടിട്ടില്ല.

ഇരുട്ടില്‍ തപ്പിപ്പിടിച്ച് മുക്കാല്‍ മണിക്കൂറോളം അലാറാം മുഴക്കിയിട്ടും ആരും അറിഞ്ഞില്ലെന്നും നഴ്സ് പറയുന്നു. തുടര്‍ന്ന് ബോധരഹിതയായി വീഴുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്നം പരിഹരിച്ച ശേഷമാണ് നഴ്സിനെ പുറത്തിറക്കിയത്. അവശനിലയിലായതോടെ നഴ്‌സിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News