നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നൃത്തസംവിധായകന്‍ കൂള്‍ ജയന്ത്(52) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തമിഴ്,മലയാളം, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ചെയ്തിട്ടുള്ള ജയന്ത് പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായാണ് സിനിമയിലെത്തുന്നത്. 1996ല്‍ കെ.ടി കുഞ്ഞുമോന്‍ നിര്‍മിച്ച് കതിര്‍ സംവിധാനം ചെയ്ത കാതല്‍ദേശം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്തസംവിധായകനായി. ഇതിലെ മുസ്തഫ മുസ്തഫ, കല്ലൂരി സാലെ എന്നീ ഗാനങ്ങള്‍ ഹിറ്റായതോടെയാണ് കൂടുതല്‍ അവസരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തുന്നത്.
മലയാളത്തില്‍ ബാംബൂ ബോയ്സ് ആണ് ആദ്യ ചിത്രം. തുടര്‍ന്ന് മയിലാട്ടം, മായാവി തുടങ്ങി നിരവധി ചിത്രങ്ങില്‍ നൃത്തസംവിധായകനായി. തമിഴില്‍ കോഴിരാജ ഉള്‍പ്പടെ ചില ചിത്രങ്ങളില്‍ ജയന്ത് വേഷമിട്ടിട്ടുണ്ട്.