150 കോടി പിന്നിട്ടു; ‘പൊന്നിയിൻ സെൽവൻ 2’ ഹിറ്റിലേക്ക്
ചെന്നൈ:കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 150 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷനെന്ന് ട്രെയ്ഡ് അനലിസ്റ്റും നിരൂപകനുമായ രമേഷ് ബാല വ്യക്തമാക്കി.
റിലീസ് ചെയ്ത ദിനത്തില്‍ ഇന്ത്യയില്‍നിന്ന് മാത്രം 32-35 കോടി വരുമാനമാണ് ചിത്രം നേടിയത്. ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോള്‍ വിജയ് നായകനായ ‘വാരിസി’ന്റെ റെക്കോഡാണ് പി.എസ്. 2 തകര്‍ത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ ഒട്ടേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം 2022 സെപ്തംബര്‍ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. ആകെ 500 കോടിയാണ് ബോക്സ്ഓഫീസില്‍നിന്ന് നേടിയത്. ‘പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.