KeralaNews

'ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിനില്ല'; തലശ്ശേരി കലാപം ഓർത്തെടുത്ത് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ എഡിജിപി എംആർ അജിത്കുമാർ-ആർഎസ്എസ് കൂടിക്കാഴ്‌ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൂടാതെ ബാബരി മസ്‌ജിദ്‌, തലശ്ശേരി കലാപം എന്നീ പഴയകാല സംഭവങ്ങൾ ഉൾപ്പെടെ ഓർത്തെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിപക്ഷത്തെയും പിണറായി രൂക്ഷമായി വിമർശിച്ചു.

സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽദാനവും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്ന കാര്യം കെപിസിസി പ്രസിഡന്റ് പറഞ്ഞതിനെയും പിണറായി വിജയൻ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്? എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ആർഎസ്എസുകാരൻ കാവൽ നിൽക്കുന്നത് മനസിലാക്കാം, എന്നാൽ കോൺഗ്രസ് നേതാവാണ് ഇതെന്നത് എന്താ സൗകര്യപൂർവം മറക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. മലയാള മനോരമയെ പിണറായി പേരെടുത്ത് വിമർശിക്കുകയും ചെയ്‌തു. കോൺഗ്രസും ആർഎസ്എസും തമ്മിലാണ് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.

തലശ്ശേരി കലാപത്തിന്റെ കാലത്ത് പള്ളിക്ക് സംരക്ഷണം നൽകിയത് സിപിഎമ്മായിരുന്നു. അന്ന് ജീവൻ നഷ്‌ടമായ പാർട്ടിയാണ് ഇത്. ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണെന്ന് ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. രാജീവ് ഗാന്ധിയെ രണ്ടാം കർസേവകനെന്നാണ് വിശേഷിപ്പിച്ചതെന്നും ബാബറി മസ്‌ജിദ്‌ തകർന്ന കാലത്ത് ആരാണ് അധികാരത്തിൽ ഇരുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പിവി അൻവറിന്റെ ആരോപണങ്ങളിൽ സിപിഎമ്മും സംസ്ഥാന സർക്കാരും നേരത്തെ പ്രതിരോധത്തിലായിരുന്നു. പോലീസുകാർക്ക് എതിരെ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ ആഭ്യന്തര വകുപ്പിലെ പരാജയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും ഭരണകക്ഷി എംഎൽഎ തന്നെയാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പുറമെ ആരോപണ വിധേയനായ എഡിജിപി എംആർ അജിത്കുമാർ പ്രമുഖ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവത്തിലും പ്രതിപക്ഷം വലിയ വിമർശനം നടത്തിയിരുന്നു. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ പോലീസിന് പങ്കുണ്ടെന്നുള്ള ആരോപണവും കൂടി ഉയർന്നതോടെയാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞിരിക്കുന്നത്.

നിലവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ ഡിജിപി അന്വേഷിക്കുന്നുണ്ട്. അതിന് പുറമേ ആരോപണ വിധേയനായ എസ്‌പി സുജിത് ദാസിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. എങ്കിലും ആർഎസ്എസ് ബന്ധമെന്ന പ്രചാരണം പ്രതിപക്ഷം തുടരുന്ന സാഹചര്യമാണുള്ളത്. ഇതോടെയാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ തന്നെ നേരിട്ട് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker