KeralaNews

‘അത് നാടിന്റെ സംസ്‌കാരമാണ്’; മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുവൈത്തിലേക്ക് പോകാനൊരുങ്ങിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഘട്ടങ്ങളില്‍ അവിടെ എത്തിച്ചേരുക എന്നുള്ളത് കേരളത്തിന്റേയും മലയാളികളുടേയും പൊതുരീതിയും സംസ്‌കാരവുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അത് നമ്മുടെ നാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. സംസ്ഥാന ആരോഗ്യമന്ത്രി തന്നെ അവിടെ ചെല്ലുമ്പോള്‍ അവിടെ പരിക്കേറ്റ് കഴിയുന്ന ആളുകളുടെ കാര്യവും ഇതുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യവും സാധാരണ ഗതിയില്‍ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലാം ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിമാനത്താവളം വരെ എത്തിയ അവര്‍ക്ക് അതിനപ്പുറത്തേക്ക് പോകാനായില്ല. മന്ത്രിമാര്‍ സഞ്ചരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് വേണം. ആ ക്ലിയറന്‍സ് കിട്ടുമെന്ന പ്രതീക്ഷയില്‍ സാധാരണഗതിയില്‍ പോകാം. പക്ഷേ പോകുന്നതിന് മുമ്പ് ക്ലിയറന്‍സ് ഉണ്ടാകില്ലെന്ന അറിയിപ്പ് തന്നെ കിട്ടി. നിഷേധിച്ച മറുപടി കിട്ടി. ഇതിന്റെ ഔചിത്യവും അനൗചിത്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ല എന്നുള്ളതിനാല്‍ മറ്റുകാര്യങ്ങളിലേക്ക് പോകുന്നില്ല..

ഞങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്, പിന്നെ നിങ്ങള്‍ എന്തിനാണ് പോകുന്നത്. എന്ന് ചിലര്‍ ചോദിച്ചു എന്നു പറയുന്നുണ്ട്. നമ്മുടെ കേരളത്തിന്റേയും മലയാളികളുടേയും ഒരു പൊതുരീതിയും സംസ്‌കാരവുമുണ്ടല്ലോ. അത് ഇത്തരം ഘട്ടങ്ങളില്‍ എത്തിച്ചേരുക എന്നുള്ളതാണ്. അത് നമ്മുടെ നാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഒരു മരണവീട്ടില്‍ നമ്മള്‍ പോകുന്നു. അവിടെ ഈ നില വെച്ച് ചോദിക്കാമല്ലോ എന്താണ് പോയിട്ട് പ്രത്യേകം ചെയ്യാനുള്ളതെന്ന്.

നമ്മുടെ നാടിന്റെ സംസ്‌കാരമാണത്. ആ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുക. നമ്മുടെ സാന്നിധ്യത്തിലൂടെ സഹതാപം അറിയിക്കുക. സംസ്ഥാന ആരോഗ്യമന്ത്രി തന്നെ അവിടെ ചെല്ലുമ്പോള്‍ അവിടെ പരിക്കേറ്റ് കഴിയുന്ന ആളുകളുടെ കാര്യം, ഇതുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യം, അതെല്ലാം സാധാരണ ഗതിയില്‍ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കും. പക്ഷേ എന്ത് ചെയ്യാം നിഷേധിച്ചുകളഞ്ഞു.- മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker