ഈ റോഡിലൂടെ ബൈക്കോടിച്ചാല്‍ 1001 രൂപയും ഫുള്‍ ടാങ്ക് പെട്രോളും ലഡുവും സമ്മാനം!
നെടുങ്കണ്ടം: പത്തു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി നാട്ടുകാര്‍. തൂക്കുപാലം-പുഷ്പകണ്ടം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ വേറിട്ട സമരവുമായി രംഗത്ത് വന്നത്. ഗട്ടര്‍ നിറഞ്ഞ മൂന്ന് കിലോമീറ്റര്‍ ദൂരം ഗട്ടറില്‍ ചാടാതെ ബൈക്ക് ഓടിച്ചെത്തുന്നവര്‍ക്ക് 1001 രൂപയും ഫുള്‍ ടാങ്ക് ഇന്ധനവും സമ്മാനം നല്‍കുമെന്നായിരുന്നു ആഹ്വാനം. എന്നാല്‍ അത് ആര്‍ക്കും സാധിക്കാതെ വന്നതോടെ ലഡു നല്‍കി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു.
പത്ത് ബൈക്കുകളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തിനുശേഷം റോഡിനു ഇരുവശവും വളര്‍ന്നുനിന്ന കാടുകള്‍ നാട്ടുകാര്‍ വെട്ടി നീക്കം ചെയ്തു. ശേഷം മത്സരത്തിനും കാടുവെട്ടാനും എത്തിയവര്‍ക്കു നാട്ടുകാര്‍ ഭക്ഷണവും വിതരണം ചെയ്യുകയും ചെയ്തു. പ്രതിഷേധ സമരം പുഷ്പകണ്ടം ഹിദായത്തുല്‍ മുസ്ലിം ജമാഅത്ത് ഇമാം അബ്ദുല്‍ റഷീദ് മൗലവിയാണ് ഉദ്ഘാടനം ചെയ്തത്.
പ്രദേശത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്തണമെങ്കില്‍ കാല്‍നടയാത്ര മാത്രമാണ് ഏക മാര്‍ഗം. കഴിഞ്ഞ മഴക്കാലത്തു റോഡിലുടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ വന്‍ ഗര്‍ത്തമായി മാറിയിരിക്കുകയാണ്. നേരത്തെ പഞ്ചായത്ത് അധീനതയിലായിരുന്ന റോഡ് 2009-ല്‍ പൊതുമരാമത്തിനു കൈമാറി. എന്നാല്‍ റോഡ് കൈമാറിയെന്ന പ്രമേയം പഞ്ചായത്ത് പാസാക്കി നല്‍കാത്തതാണ് റോഡ് നവീകരണത്തിനു തടസം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.