24.7 C
Kottayam
Monday, May 27, 2024

ഹൂഗ്ലിയില്‍ പെട്രോള്‍ ബോംബ് പൊട്ടി കുട്ടി മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

Must read

കൊൽക്കൊത്ത:പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്ഫോടനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പന്താണെന്ന് കരുതി കളിച്ച ബോംബാണ് പൊട്ടിയത്. പെട്ടെന്ന്, പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടിക്ക് വലത് കൈ നഷ്ടപ്പെട്ടു.

രാജ് ബിശ്വാസ് എന്ന് പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. രൂപം ബല്ലവ്, സൗരവ് ചൗധരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹൂഗ്ലി റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. സ്ഫോടനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് പ്രാദേശിക ബിജെപി എംപി ലോകേത് ചാറ്റര്‍ജി ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി ഇന്ന് പാണ്ഡുവയിലെ ഹൂഗ്ലി ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി രചന ബാനര്‍ജിയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് റാലി നടത്താനിരിക്കുകയായിരുന്നു. പാണ്ഡുവയില്‍ അഭിഷേക് ബാനര്‍ജിയുടെ റാലിക്ക് മുന്നോടിയായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണിതെന്ന് ബിജെപി ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week