ഗാസയില്‍ ഇസ്രായേൽ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീൻ; ഇരുഭാഗത്തുമായി മരണം 2000 കവിഞ്ഞു
ടെൽ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു.
ഇതിനിടെ യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 900 കവിഞ്ഞപ്പോള്‍ 4500 പേര്‍ക്ക് പരിക്കേറ്റു. 1200 ഇസ്രായേലികള്‍ക്ക് ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 2700 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ 2.60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു. ഇതില്‍ 1.75 ലക്ഷം ആളുകള്‍ 88 യുഎന്‍ സ്‌കൂളുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിനിടെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് തുറക്കുന്ന റഫ പാലത്തിന് നേരെയും വ്യോമാക്രമണം ഉണ്ടായി.
ഇതിനിടെ തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ കിബ്യൂട്ടുകളില്‍ കൂട്ടക്കുരുതി നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 40 കുഞ്ഞുങ്ങളും നിരവധി സ്ത്രീകളും വയോധികരും കൊല്ലപ്പെട്ടു.
ഇതിനിടെ ഗാസാ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടിയേറ്റക്കാര്‍ക്ക് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ഷെല്ലിങ്ങില്‍ മൂന്ന് ലെബനന്‍ ഷിയാ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ട് പലസ്തീന്‍ യോദ്ധാക്കളും ഇസ്രയേല്‍ കമാന്‍ഡറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആധുനിക യുദ്ധസാമഗ്രികളുമായി അമേരിക്കന്‍ വിമാനം ഇസ്രയേലിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇതിനിടെ അറബ് ലീഗ് ഇന്ന് കെയ്‌റോയില്‍ യോഗം ചേരും. അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ അറബ് ലീഗ് തയ്യാറായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മധ്യസ്ഥ ചര്‍ച്ചയുമായി ഖത്തര്‍ രംഗത്ത് വന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്നും യുദ്ധം ആശങ്കയുണ്ടാക്കുന്നുവെന്നും ഈജിപ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ചിരുന്നു.
ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക് വീണ്ടും ആവര്‍ത്തിച്ചു. നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചത്. ഇസ്രയേലിന് കൂടുതല്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കിയ ബൈഡന്‍ ബന്ധികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഹമാസ് സമ്പൂര്‍ണ്ണ തിന്മയാണെന്നും ജോ ബൈഡന്‍ വിമര്‍ശിച്ചു. ഇതിനിടെ ഇസ്രയേലിലും ഗാസയിലും യുദ്ധക്കുറ്റങ്ങള്‍ നടന്നതായി ഐക്യ രാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്.