KeralaNews

പലസ്തീൻ റാലി: സി.പി.എം ക്ഷണിച്ചതിന് നന്ദി, സാങ്കേതികമായി ലീഗിന് പങ്കെടുക്കാനാകില്ല: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സി.പി.എം. സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പലസ്തീന്‍ വിഷയത്തില്‍ മുൻ കോണ്‍ഗ്രസ് സര്‍ക്കാരുകളെടുത്ത നിലപാടിലേക്ക് മടങ്ങിവരണം. കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രാജ്യം ഇടപെടണം. കേരളത്തില്‍ കളശ്ശേരി വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്നില്ലേ. അതുപോലെ പലസ്തീന്‍ വിഷയത്തിലും ഇങ്ങനെ ഒരു നിലപാട് സര്‍ക്കാരിന് ആലോചിക്കാവുന്നതെ ഉള്ളൂ. സി.പി.എം. ക്ഷണം വന്നിട്ടുണ്ട്. ക്ഷണിച്ചതില്‍ നന്ദിയുണ്ട്. പരിപാടി നന്നായി നടത്തട്ടെ. അതില്‍ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്. എല്ലാവരും കൂടുതല്‍ ശക്തിയും പിന്തുണയും സംഭരിച്ചുകൊണ്ട് പലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമാണ്.

യു.ഡി.എഫിലെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി ഞങ്ങള്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. ക്ഷണത്തില്‍ നന്ദിയുണ്ട്. ഇത്തരമൊരു പരിപാടി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും പലസ്തീന്‍കാര്‍ക്ക് പിന്തുണ നല്‍കണം. ഇ.ടി പറഞ്ഞതും ആ അർഥത്തിലാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തണ്ട കാര്യമില്ല. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.പി.എമ്മിൻ്റെ റാലിയിൽ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിംലീഗ് തീരുമാനം. ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺ​ഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീ​ഗ് നേതാക്കളും വിലയിരുത്തി.

ഇത്തരമൊരു ധ്വനി ഈ സാഹചര്യത്തിൽ നല്ലതല്ലെന്നും റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തതോടെ ലീ​ഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

നവംബര്‍ 11-നാണ് സിപിഎം കോഴിക്കോട്ട്‌ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന ലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോടെയാണ് സിപിഎം റാലി രാഷ്ട്രീയ ചര്‍ച്ചയിലേക്ക് വരുന്നത്. പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എമ്മും അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker