28.4 C
Kottayam
Friday, May 24, 2024

ലഹരിക്ക് അടിമ, എന്തു ചെയ്യാനും കൊക്കെയ്ൻ വേണമായിരുന്നു:വെളിപ്പെടുത്തലുമായി പാക് ഇതിഹാസം വസീം അക്രം

Must read

ഇസ്‍ലാമബാദ്∙ താൻ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ വസീം അക്രം. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് അക്രത്തിന്റെ ഈ വെളിപ്പെടുത്തലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ‘സുൽത്താൻ: ഒരു ഓർമക്കുറിപ്പ്’ എന്നാണ് ആത്മകഥയ്ക്കു പേരിട്ടിരിക്കുന്നത്.

പ്രശസ്തിയുടെ മായിക ലോകത്തിൽ താൻ അകപ്പെട്ടിരുന്നുവെന്നും ദിവസം പത്തു പാർട്ടികൾക്കു പോകണമെന്നു വിചാരിച്ചാൽ പോകാൻ സാധിക്കുന്നതാണ്  അന്നത്തെ സൗകര്യങ്ങളെന്നും അക്രം പറയുന്നു. ‘‘റിട്ടയർമെന്റിന് ശേഷം പതിവായി പാർട്ടിക്കു പോകാൻ ഇഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ വച്ചു നടന്ന ഒരു പാർട്ടിയിൽ നിന്നാണ് ആദ്യമായി കൊക്കെയ്ൻ ഉപയോഗിച്ചത്. പിന്നീട് അതു സ്ഥിരമായി. എന്ത്ചെയ്യാനും കൊക്കെയ്ൻ കൂടിയേ തീരുവെന്ന അവസ്ഥയായി.’’

ലഹരി ഉപയോഗം ആദ്യ ഭാര്യയായിരുന്ന ഹുമയിൽ നിന്നു മറച്ചു വച്ചതായും അക്രം ആത്മകഥയിൽ പറയുന്നു. സ്ഥിരമായി പാർട്ടിക്കു പോകുമ്പോൾ വീട്ടിലിരുന്ന് ഹുമ മടുത്തിരുന്നു. കറാച്ചിയിലേക്കു തിരികെ പോകാമെന്ന് ഹുമ പറയുമ്പോഴേല്ലാം പാർട്ടികൾ അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയം കൊണ്ടു വിസമ്മതിച്ചിരുന്നുവെന്നും അക്രം തുറന്ന് പറയുന്നു. തിരികെ നാട്ടിലെത്തി മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം കഴിയാനായിരുന്നു ഹുമയുടെ താൽപര്യം.

‘‘ഒരു ദിവസം പഴ്സിൽ നിന്ന് കൊക്കെയ്ന്റെ പാക്കറ്റ് ഹുമ കണ്ടെത്തി. ചികിത്സ ആവശ്യമാണെന്ന് ഹുമ നേരിട്ടു പറഞ്ഞു. അപ്പോഴേക്കും വൈദ്യസഹായമില്ലാതെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് എനിക്കും ബോധ്യപ്പെട്ടിരുന്നു. ഊണും ഉറക്കവും നഷ്ടപ്പെട്ടു. കഠിനമായ തലവേദനയും മൂഡ്സ്വിങ്സും ഉണ്ടായി.’’ ഹുമയുടെ നിസ്വാർഥവും ത്യാഗപൂർണവുമായ ഇടപെടലാണു ലഹരിയുടെ പിടിയിൽ നിന്ന് തന്നെ മോചിപ്പിച്ചതെന്നും ഹുമയുടെ മരണം ജീവിതം മാറ്റി മറിച്ചുവെന്നും അക്രം പറയുന്നു. അന്ന് ഉപേക്ഷിച്ച ലഹരിയിലേക്ക് പിന്നീട് തിരികെ പോയിട്ടില്ലെന്നും അക്രം വ്യക്തമാക്കുന്നു. 2009 ലാണ് അക്രത്തിന്റെ ആദ്യഭാര്യയായ ഹുമ അണുബാധ കാരണമാണു മരിച്ചത്.

1992 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം. പാക്‌സ്താന് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങളും, 356 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 414, ഏകദിനത്തില്‍ 502 എന്നിങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 916 വിക്കറ്റുകളാണ് ഈ ഇടങ്കയ്യന്‍ പേസറുടെ പേരിലുള്ളത്.ലഹരിക്ക് അടിമയായിരുന്നുവെന്ന ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് കായികലോകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week