CricketFeaturedHome-bannerNewsSports

ആവേശം!സഞ്ജുമ്മല്‍ ബോയ്‌സ്‌;കിരീടനടയില്‍

അഹമ്മദാബാദ്∙ ലീഗ് ഘട്ടത്തിലെ പരാജയ പരമ്പരകൾക്ക് രാജസ്ഥാൻ അറുതിവരുതിയപ്പോൾ ബെംഗളൂരുവിനും വിരാട് കോലിക്കും ഐപിഎലിൽ ഒരിക്കൽ കൂടി നിരാശയോടെ മടക്കം. എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിന്റെ വിജയം.

ലീഗ് ഘട്ടത്തിൽ ആറു മത്സരം തുടർച്ചയായി വിജയിച്ച് പ്ലേഓഫിൽ കടന്ന ആർസിബിക്ക് പക്ഷേ തുടർച്ചയായ 17–ാം സീസണിലും കപ്പില്ലാതെ മടക്കം. എലിമിനേറ്ററിൽ, ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികൾ.

യശ്വസി ജയ്‌സ്വാൾ (30 പന്തിൽ 45), റയാൻ പരാഗ് (26 പന്തിൽ 36), ഷിമ്രോൺ ഹെറ്റ്മയർ (14 പന്തിൽ 26) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ ജയം. മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ജയ്സ്വാളും ടോം കോലെർ കാഡ്മോറും (15 പന്തിൽ 20) ചേർന്ന് രാജസ്ഥാനു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു.

ആറാം ഓവറിൽ കാഡ്‌മോറിനെ പുറത്താക്കി, ലോക്കി ഫെർഗുസൺ ആണ് ബെംഗളൂരുവിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (13 പന്തിൽ 17) ഒരു സിക്സ് അടിച്ചെങ്കിലും റൺസ് കണ്ടെത്താൻ പാടുപെട്ടു. അടുത്തടുത്ത ഓവറുകളിൽ ജയ്സ്വാളിനെയും സഞ്ജുവിനെയും നഷ്ടപ്പെട്ടതോടെ രാജസ്ഥാൻ പരുങ്ങി.

നാലാം വിക്കറ്റിൽ പരാഗ്– ധ്രുവ് ജുറെൽ (8 പന്തിൽ 8) സഖ്യം ഒന്നിച്ചെങ്കിലും കോലിയുടെ ത്രോയിലൂടെയുള്ള കിടിലൻ റണ്ണൗട്ടിൽ ജുറെൽ മടങ്ങി. പിന്നീടെത്തിയ ഹെറ്റ്മയർ കൂടിചേർന്നതോടെ രാജസ്ഥാൻ വീണ്ടും വിജയത്തിലേക്ക് കുതിച്ചു. 2 സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്സ്. ഹെറ്റ്മയർ മൂന്നു ഫോറും ഒരു സിക്സും പറത്തി. 18–ാം ഓവറിൽ പരാഗിനെയും ഹെറ്റ്മയറിനെയും പുറത്താക്കി മുഹമ്മദ് സിറാജ് ബെംഗളൂരുവിന് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും റോവ്‌മൻ പവൽ (8 പന്തിൽ 16*) സിക്സർ പറത്തി രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ, ഒരോവറിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ എന്നിവരുടെ ബോളിങ് മികവിലാണ് ആർസിബിയെ രാജസ്ഥാൻ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. രജത് പാട്ടീദാർ (22 പന്തിൽ 34), വിരാട് കോലി (24 പന്തിൽ 33), മഹിപാൽ ലോംറോർ (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് ആർസിബിക്ക് തുണയായത്.

ഓപ്പണർമാരായ വിരാട് കോലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും (14 പന്തിൽ 17) ചേർന്ന് മികച്ച തുടക്കമാണ് ബെംഗളൂരുവിന് നൽകിയത്. അഞ്ചാം ഓവറിൽ ഡുപ്ലസിയെ പുറത്താക്കി ട്രെന്റ് ബോൾട്ടാണ് ആർസിബിക്ക് ആദ്യ പ്രഹരം നൽകിയത്. പിന്നീടെത്തിയ കാമറൂൺ ഗ്രീൻ (21 പന്തിൽ 27) കോലിക്ക് മികച്ച പിന്തുണ നൽകി. എന്നാൽ എട്ടാം ഓവറിൽ കോലിയെ ചെഹൽ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഗ്രീൻ–പാട്ടീദാർ സഖ്യമാണ് ആർസിബിയെ മുന്നോട്ടു നയിച്ചത്. 13–ാം ഓവറിൽ ഗ്രീനിനെയും പിന്നാലെയെത്തിയ മാക്‌സ്‌വെല്ലിനെയും അടുത്തടുത്ത പന്തുകളിൽ അശ്വിൻ പുറത്താക്കിയതോടെയാണ് ബെംഗളൂരു ഇന്നിങ്സിന്റെ താളം നഷ്ടപ്പെട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ വൻ സ്കോറിലേക്ക് ബെംഗളൂരുവിന് എത്താനായില്ല. ദിനേശ് കാർത്തിക് (13 പന്തിൽ 11) നിറംമങ്ങിയപ്പോൾ, ലോംറോർ, സ്വപ്നിൽ സിങ് (4 പന്തിൽ 9*), കരൺ ശർമ (4 പന്തിൽ 5*) എന്നിവരാണ് ആർസിബി സ്കോർ 170 കടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button