EntertainmentKeralaNews

അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! പിന്നീട് പുറത്തുവരാന്‍ സാധിയ്ക്കില്ല:കാളി

കൊച്ചി:മലയാള സിനിമയിലെ വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നു. ജീവിതത്തില്‍ ഇന്ന് ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും ചെറിയ പ്രായത്തില്‍ ഏറെ അനുഭവിക്കേണ്ടി വന്നൊരാളാണ് താനെന്ന് കാളി പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ് താരമിപ്പോള്‍. മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത കുട്ടികളൊക്കെ സെക്‌സ് റാക്കറ്റുകളിലൊക്കെ കുടങ്ങി പോകുന്നതിനെ പറ്റിയും അവരെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുമൊക്കെ കാളി തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍.

‘ധന്യ എന്ന സ്വന്തം പേരിനോട് ഒരുതരം അറപ്പാണ്. എന്റെ ജീവിതത്തിലെ ആ കാലത്തോടാണ് എനിക്ക് വെറുപ്പുള്ളത്. എന്റെ ബാല്യവും കൗമാരവും എല്ലാം എനിക്ക് നഷ്ടപ്പെട്ടത് ആ പേരുള്ളപ്പോഴാണ്. ആ സമയത്ത് വേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ പേരിനോട് ഇഷ്ടമുണ്ടാവില്ല. അക്കാലത്ത് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നിരുന്നു.

ഫൈറ്റ് മാസ്റ്റര്‍ ആകുമ്പോള്‍ എനിക്കൊരു പേര് വേണമായിരുന്നു. അങ്ങനെയാണ് കാളി എന്ന പേര് തിരഞ്ഞെടുക്കുന്നത്. അതല്ലാതെ കുതിര കിലുക്കം എന്നിങ്ങനെ ഒരുപാട് പേരുകള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ എന്ന് പറയുന്ന ആള്‍ പറഞ്ഞത് എന്റെ പേര് ഭദ്ര എന്നാണ്.

പക്ഷേ ആ പേര് എനിക്ക് വേണ്ട. അദ്ദേഹം എന്റെ അച്ഛനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അയാളുടെ അടുത്തുനിന്ന് ധാരാളം ഉപദ്രവങ്ങള്‍ നേരിട്ടിട്ടുണ്ട്. മാത്രമല്ല കാളി എന്ന പേര് സ്വീകരിച്ചതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുമുണ്ട്.

16 വര്‍ഷം മുന്‍പാണ് സിനിമയിലേക്ക് വരുന്നത്. ആദ്യം കൊറിയോഗ്രാഫിയും അഭിനയവുമെല്ലാം പരീക്ഷിച്ചു നോക്കി. പക്ഷേ പല കാരണങ്ങളാല്‍ അതെല്ലാം ഒഴിവായി പോയി. ചെറിയ ഡ്യൂപ്പൊക്കെ ചെയ്ത് സിനിമയില്‍ തന്നെ പിടിച്ചു നിന്നു. സിനിമയില്‍ ഫൈറ്റ് മാസ്റ്റര്‍ ഉണ്ടെന്ന് പോലും എനിക്ക് അന്ന് അറിയില്ല.

ആയിടക്കാണ് ശശി മാസ്റ്ററെ കാണുന്നതും പരിചയപ്പെടുന്നതും. എറണാകുളം സരിത തിയേറ്ററിന്റെ മുന്നില്‍ ഒരു സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. അവിടേക്ക് ഒരു ബൈക്കില്‍ ചെന്ന് വീഴുകയായിരുന്നു ഞാന്‍. ബൈക്കിന്റെ ടയറിനടിയില്‍ നിന്ന് എന്നെ വലിച്ചെടുക്കുകയാണ് ചെയ്തത്. ആ സമയത്ത് കാലൊക്കെ പൊള്ളി. എന്നിട്ടും ഞാന്‍ ചിരിക്കുകയാണ് ചെയ്തത്.

അപകടം, മരണം എന്നിങ്ങനെയുള്ള പേടിയൊന്നും ജീവിതത്തില്‍ എനിക്ക് ഉണ്ടായിട്ടില്ല. ആകെ ഉണ്ടായ ഭയം മക്കള്‍ തനിച്ച് ആകുമോ എന്നത് മാത്രമായിരുന്നു. അവിടെ നിന്നാണ് ശശി മാസ്റ്ററെ പരിചയപ്പെടുന്നത്. പിന്നീട് ശശി മാസ്റ്ററുടെ അസിസ്റ്റന്റ് ആയി.

നിനക്കൊരു പെണ്‍കുട്ടിയെ പോലെ നടന്നുകൂടെ. എങ്കിലേ സിനിമയിലൊക്കെ ചാന്‍സ് കിട്ടുകയുള്ളു എന്ന് മാസ്റ്റര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുവേണ്ടെന്നും എനിക്ക് മാസ്റ്ററുടെ കൂടെ നിന്നാല്‍ മതിയെന്നും പറഞ്ഞാണ് ഞാന്‍ ഈ മേഖലയിലേക്ക് വരുന്നതെന്നാണ് കാളി പറയുന്നത്.

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകുമെന്നും കാളി പറയുന്നു. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല. പെണ്‍കുട്ടികള്‍ ഇതിലേക്ക് പോകുന്നത് അവരെ സംരക്ഷിക്കാന്‍ നമ്മുടെ നിയമ സംഹിതയ്ക്ക് സാധിക്കാത്തതിനാലാണ്. ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി പരമാവധി പ്രയത്‌നിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.

ഇനി പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു പ്രശ്‌നം വന്നാല്‍ തുറന്നു പറയാന്‍ ഭയമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോഴും ഈ പോരാട്ടം തുടരുന്നത്. പറയാന്‍ പേടിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നിന്നു കൊടുക്കരുത്. ധൈര്യമായി തുറന്നു പറയണം. ഈ സംഭവിച്ചത് എന്റെ തെറ്റല്ല. ഇനി എന്റെ ശരീരത്തില്‍ തൊടരുത് എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്നും’ കാളി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker