തെലങ്കാനയിൽ കുട്ടികൾക്കൊപ്പം രാഹുലിന്റെ ‘കൂട്ടയോട്ടം’, പിന്നാലെ സംഘനൃത്തം| വീഡിയോ

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം…’നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ’.

യാത്രയ്ക്കിടെ 52-കാരനായ രാഹുല്‍ ഓടിയതിന് പിന്നാലെ കുട്ടികളും ജനക്കൂട്ടവും ഒന്നിച്ചോടി. മുന്നില്‍ ഓടിയ രാഹുല്‍ കുറച്ച് ദൂരം പിന്നിട്ട ശേഷം കുട്ടികളെ ഒപ്പം ചേര്‍ക്കുന്നതിനായി വേഗത കുറച്ചു. രാഹുലിനൊപ്പം സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറെ പണിപ്പെട്ടത്. സുരക്ഷ മുന്‍നിര്‍ത്തി രാഹുലിനെ വലയം തീര്‍ത്തുകൊണ്ട് മാത്രമാണ് അവര്‍ക്ക് നീങ്ങാനാകുക. തെലങ്കാനയില്‍ ഗൊല്ലപ്പള്ളിയില്‍ വെച്ചായിരുന്നു കൂട്ടയോട്ടം.

ഇതിന് പിന്നാലെ രാഹുലും കോണ്‍ഗ്രസ് വാക്താവ് ജയ്‌റാം രമേശും കെസി വേണുഗോപാലും ഉള്‍പ്പടെയുള്ളവര്‍ സംഘ നൃത്തത്തിലും പങ്കാളികളായി. തെലങ്കാനയിലെ ആദിവാസി വിഭാഗത്തിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പവും രാഹുല്‍ കഴിഞ്ഞ ദിവസം നൃത്തം ചെയ്തിരുന്നു.

തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ പര്യാടനം പൂര്‍ത്തിയാക്കിയാണ് ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം തെലങ്കാനയില്‍ പ്രവേശിച്ചത്.യാത്ര അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയിലേക്ക് കടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News