KeralaNews

അരിക്കൊമ്പൻ നിർത്തി,പടയപ്പ തുടങ്ങി; വീണ്ടും റേഷൻകടയ്ക്കുനേരെ ആക്രമണം

ഇടുക്കി: മൂന്നാറിൽ റേഷൻകടയ്ക്കുനേരെ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. സൈലൻ്റ് വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷനിലെ റേഷൻകടയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. നിലവിൽ എസ്റ്റേറ്റിനോടു ചേർന്ന ഭാഗത്തു കൊമ്പൻ തമ്പടിച്ചിരിക്കുകയാണ്. തുടർച്ചയായി പടയപ്പ ജനവാസമേഖലയിൽ ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയും കൊമ്പൻ റേഷൻകട തകർത്തിരുന്നു.

രണ്ടാം ഡിവിഷനിൽ കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഷൻകടയ്ക്കുനേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. മേൽക്കൂര തകർന്നിട്ടുണ്ട്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാനായി റേഷൻകടയ്ക്കു ചുറ്റും ട്രഞ്ച് നിർമിച്ചിരുന്നു.

ഇതു മറികടന്നാണ് കൊമ്പൻ റേഷൻകടയ്ക്കുസമീപം എത്തി ആക്രമണം നടത്തിയത്. അതേസമയം ഇക്കുറി പടയപ്പയ്ക്ക് റേഷൻകടയിൽനിന്ന് അരിയെടുക്കാനായില്ല. കൊമ്പൻ റേഷൻകടയുടെ മേൽക്കൂര തകർക്കുന്ന ദൃശ്യം നാട്ടുകാർ പകർത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ലാക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ സമീപത്തെത്തിയ പടയപ്പ റേഷൻകട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ പിൻവാങ്ങുകയായിരുന്നു. മറയൂരിന് സമീപം തലയാറിലും പടയപ്പയുടെ ആക്രമണത്തിൽ റേഷൻകട തകർന്നിരുന്നു. വീടിന് നേരെയും പച്ചക്കറിക്കടയ്ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. പൊതുവേ ശാന്തനാണെന്ന് ജനങ്ങൾ വിശേഷിപ്പിക്കുന്ന പടയപ്പ ജനവാസമേഖലയിൽ പതിവായെത്തി ആക്രമണം നടത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ചിന്നക്കനാലിലെ ശല്യക്കാരനായിരുന്ന അരിക്കൊമ്പൻ റേഷൻകട ആക്രമിക്കുന്നത് പതിവായിരുന്നു. ഇവിടെനിന്ന് വനം വകുപ്പ് മയക്കുവെടിവെച്ചു പിടികൂടി മറ്റൊരു പ്രദേശത്ത് തുറന്നുവിട്ട കൊമ്പൻ കഴിഞ്ഞദിവസം നെയ്യാർ വന്യജീവി സങ്കേതത്തിന് സമീപമെത്തിയതായി വിവരം ലഭിച്ചിരുന്നു.

മാഞ്ചോല മേഖലയിലെ ജനവാസമേഖലയ്ക്ക് സമീപമെത്തിയ കൊമ്പൻ പ്രദേശത്തെ റേഷൻകടയ്ക്കുസമീപം എത്തിയെന്നും എന്നാൽ റേഷൻകട ആക്രമിച്ചില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അരിക്കൊമ്പൻ മദപ്പാടിലാണെന്ന് വനം വകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker