KeralaNews

മുഖ്യമന്ത്രിയും മന്ത്രിമാരും കെസ്ആർടിസിയില്‍ മണ്ഡലങ്ങളിലേക്ക്,പക്ഷെ ആ രണ്ടുപേര്‍ ആരാവും

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സില്‍ കേരള പര്യടനം നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറിലെ മറ്റ് മന്ത്രിമാരും. നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന മന്ത്രിസഭയുടെ മണ്ഡല പര്യടനം ഒറ്റ വാഹനത്തിൽ ആക്കാനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ഗതാഗത വകുപ്പ് ആരംഭിച്ചു. കെ എസ് ആർ ടി സി പുതുതായി വാങ്ങുന്ന ബസുകളിൽ ഒന്നിന്റെ സീറ്റും മറ്റും മന്ത്രി സഭാംഗങ്ങളുടെ യാത്രയ്ക്ക് അനുകൂലമാക്കി മാറ്റാനാണ് നിർദേശം.

യാത്രക്ക് മുന്‍പ് മന്ത്രിസഭ പുനസംഘടന നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും യാത്രയില്‍ ഉണ്ടാകുമോയന്ന കാര്യം ഇപ്പോള്‍ ഉറപ്പായിട്ടില്ല. മുന്‍ ധാരണകള്‍ പാലിച്ച് പുനഃസംഘടന നടപ്പാക്കുകയാണെങ്കില്‍ ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും യാത്രയില്‍ ഉണ്ടാകില്ല. കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനുമായിരിക്കും ഇടം ലഭിക്കുക.

രണ്ടര വർഷം ഭരിച്ച മന്ത്രിമാരെ ഒഴിവാക്കുന്നത് മറ്റ് ചർച്ചകള്‍ക്ക് വഴി വെക്കും എന്നതിനാല്‍ രണ്ട് ഒഴിയുന്നവരേയും പുതുതായി വരുന്നവരേയും യാത്രയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായിട്ടാണ് യാത്രയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

140 മണ്ഡലങ്ങളിലെ എല്ലാ പരിപാടികളിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം. മഞ്ചേശ്വത്തു നിന്ന് ആരംഭിക്കുന്ന ജനസദസില്‍ എല്ലാ ദിവസവും നാലു നിയമസഭാ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. ഒരോപരിപടിയിലേക്കും കുറഞ്ഞത് 10000 പേരെ എത്തിക്കാനാണ് പ്രാദേശിക നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം.

പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ പാർലമെന്ററികാര്യ മന്ത്രി ആയിരിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും.

ഓരോ മണ്ഡലത്തിലും എം.എൽ.എമാർ പരിപാടിക്കു നേതൃത്വം വഹിക്കണം. സെപ്റ്റംബർ മാസത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘാടകസമിതി രൂപീകരിക്കണം. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകൾ ആസൂത്രണം ചെയ്യണമെന്ന് ഇത് സംബന്ധിച്ച മാർഗരേഖയിൽ നിർദേശിച്ചു. മണ്ഡലം സദസിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.

മണ്ഡലം സദസിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിള-യുവജന-വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, തെയ്യം കലാകാരൻമാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ (വ്യാപാരി, ചേംബർ ഓഫ് കൊമേഴ്സ്, ബിസിനസ് അസോസിയേഷൻ, കലാ – സാംസ്‌കാരിക സംഘടനകൾ മുതലായവ), ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പടങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker