കോഴിക്കോട്: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
യൂത്ത് ലീഗ് പ്രവർത്തകർ പൊലീസുകാർക്ക് നേരെ കല്ലേറ് നടത്തിയിരുന്നു. കൂടാതെ കുപ്പികളും ചെരിപ്പുകളും കസേരകളും പ്രവർത്തകർ വലിച്ചെറിഞ്ഞു. അഴിമതി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. കൊവിഡിൻ്റെ മറവിൽ സർക്കാര് അഴിമതി നടത്തിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.
പ്രവർത്തകർ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തി വീശി. പിന്നാലെ കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ സംഘർഷത്തിൽ നിന്ന് പിന്മാറായതോടെ പൊലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. സമീപത്തെ കടകൾക്ക് നേരെയും പ്രവർത്തകർ കല്ലേറ് നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി . നിരവധി യൂത്ത് ലീഗ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റിരുന്നു