26.3 C
Kottayam
Saturday, April 20, 2024

എറണാകുളത്ത് 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

Must read

കൊച്ചി: എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.  പ്രൈമറി ക്ലാസിലെ 19 വിദ്യാ‍ർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാന്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂളിലെ പ്രൈമറി ക്ലാസുകൾ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള  ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്. ഇവരിൽ ചിലരുടെ  മാതാപിതാക്കളിലും സമാന ലക്ഷണങ്ങൾ കണ്ടിരുന്നു. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.

 

എന്താണ് നോറോ വൈറസ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റു അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

ക്രൂസ് ഷിപ്പുകള്‍, ഡോര്‍മിറ്ററികള്‍, നഴ്സിങ് ഹോമുകള്‍ പോലെ അടഞ്ഞ ഇടങ്ങളിലാണ് ഈ വൈറസ് പടരാന്‍ സാധ്യത കൂടുതല്‍. വൈറസ് ഉള്ളില്‍ ചെന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഛർദി, അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ആരംഭിക്കും. മനംമറിച്ചില്‍, വയറുവേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും നോറോ വൈറസ് ബാധയോട് അനുബന്ധിച്ച് വരാം. അതിസാരവും ഛര്‍ദിയും ശരീരത്തില്‍ നിര്‍ജലീകരണത്തിനും കാരണമാകാം. 

മലിനമായ വെള്ളം, ഭക്ഷണം, പ്രതലങ്ങള്‍ എന്നിവ വഴിയാണ് അതിവ്യാപന ശേഷിയുള്ള ഈ വൈറസ് പടരുന്നത്. രോഗികളുടെ മലത്തില്‍ നിന്ന് വെള്ളത്തിലേക്ക് എത്തുന്ന വൈറസ് ഭക്ഷണ പാനീയങ്ങളിലൂടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. വിവിധ ശ്രേണികളുള്ള വൈറസ് ഒരാളെ പല തവണ ബാധിക്കാം. 60 ഡിഗ്രി വരെ ചൂടിനെയും പല അണുനാശിനികളെയും പ്രതിരോധിച്ച് നില്‍ക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്. ഇതിനാല്‍ ഭക്ഷണം വെറുതേ ചൂടാക്കിയതു കൊണ്ടോ വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്ത കൊണ്ടോ വൈറസ് നശിക്കില്ല. സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകളെയും ഇവ അതിജീവിക്കും. 

സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമൊക്കെ നീണ്ടു നില്‍ക്കുന്ന രോഗം ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ മാറാറുണ്ട്. വൈറസ് വരാതിരിക്കാന്‍ ശുചിമുറി ഉപയോഗിച്ച ശേഷവും കുട്ടികളുടെ ഡയപ്പര്‍ മാറ്റിയ ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകേണ്ടതാണ്. കഴിക്കുന്നതിന് മുന്‍പും കൈകള്‍ നിര്‍ബന്ധമായും കഴുകേണ്ടതാണ്. രോഗവ്യാപനം ഉണ്ടാകുന്ന വേളയില്‍ ഹൈപോക്ലോറൈറ്റ് സൊല്യൂഷന്‍ ഉപയോഗിച്ച് പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. ആര്‍ടി പിസിആര്‍ പരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ഈ വൈറസിന് വാക്സീനുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നത് വൈറസ് പ്രതിരോധത്തില്‍ മുഖ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week