സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ, പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല: നിലപാടുകൾ തുറന്നു പറഞ്ഞ് പി ജയരാജൻ
കണ്ണൂര്‍:പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത്
ശരിയല്ലെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍ അത്തരം ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരേ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും ഇത്തരം പ്രചാരണങ്ങള്‍ക്ക് മക്കള്‍ വഴിവെച്ചുകൊടുക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കില്ലേ?
പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിനുമാത്രമേ പാര്‍ട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. ഇനി ആരുടെയെങ്കിലും മക്കള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരുതരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ല.
കണ്ണൂര്‍ ലോബിയിലെ പ്രമുഖനാണല്ലോ താങ്കള്‍. അങ്ങയുടെ മക്കള്‍ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രതകാണിക്കുന്നതും പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോ?
സിപിഎം. നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. കോടിയേരിയും ഇ.പി. ജയരാജനും എന്റെ സീനിയര്‍ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കാന്‍ വേണ്ടിയാണെന്ന പ്രചാരണമുണ്ടല്ലോ?
വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിയണമെന്നത് സംസ്ഥാനനേതൃത്വം തീരുമാനിച്ചതാണ്. അന്ന് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ ഈ പ്രചാരണം ഉണ്ടാവില്ലായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ തോറ്റു. അതിനുശേഷം ഞാന്‍ സംസ്ഥാനകമ്മിറ്റി അംഗമായി തുടരുന്നു.
ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം വേണ്ടത്ര പരിഗണന പാര്‍ട്ടിയില്‍ ലഭിച്ചില്ലെന്ന പരാതിയുണ്ടോ?
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നതാണ് പ്രവര്‍ത്തകന്റെ ചുമതല. സെക്രട്ടറിസ്ഥാനത്തിരിക്കുമ്പോള്‍ ലഭിച്ചിരുന്ന മാധ്യമശ്രദ്ധ ഇപ്പോള്‍ കിട്ടുന്നില്ലായിരിക്കാം. എങ്കിലും ഞാന്‍ ജനങ്ങള്‍ക്കിടയില്‍ അന്നത്തെപ്പോലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം വലിയ മോഹങ്ങളൊന്നുമില്ല.
പി. ജയരാജനെപ്പോലുള്ള കരുത്തനായ നേതാവിന് എന്തുകൊണ്ടാണ് മോഹങ്ങള്‍ ഇല്ലാതാവുന്നത്?
എന്നെ ഏല്‍പ്പിക്കുന്ന ചുമതല നല്ലരീതിയില്‍ നിര്‍വഹിക്കുകയെന്നതാണ് പ്രധാനം. എല്ലാ കാലത്തും ഒരേ ചുമതലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ. പ്രായം, ആരോഗ്യം എല്ലാം പ്രശ്‌നമായിവരും. ഇതെല്ലാം കണക്കിലെടുത്ത് പാര്‍ട്ടി ആവശ്യമായത് ചെയ്യും. അത് സത്യസന്ധമായി നിര്‍വഹിക്കും. ബാക്കി കാര്യങ്ങളിലൊന്നും ഉത്കണ്ഠയില്ല.
രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് അകലാനാണോ സാന്ത്വനപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്?
ഇനീഷ്യേറ്റിവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ (ഐ.ആര്‍.പി.സി.) 12 വര്‍ഷം മുമ്പ് പാര്‍ട്ടി തീരുമാനപ്രകാരം തുടങ്ങിയതാണ്. അതിന്റെ ഉപദേശകസമിതി ചെയര്‍മാനായി എന്നെ നിയോഗിച്ചതും പാര്‍ട്ടിയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെയാണ് ഇതില്‍ ഏര്‍പ്പെടുന്നത്. രാഷ്ട്രീയത്തില്‍നിന്ന് വേറിട്ടുനില്‍ക്കാനുള്ള താവളമായി ഇതിനെ കാണുന്നില്ല.
ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ച കാര്‍ പാര്‍ട്ടി തിരിച്ചെടുത്തു. പിന്നീട് ഇടക്കാലത്ത് ഗണ്‍മാന്റെ കാറില്‍ കുറച്ചുകാലം സഞ്ചരിക്കേണ്ടിവന്നു എന്ന വാര്‍ത്ത ശരിയാണോ?
സഞ്ചരിക്കാന്‍ വാഹനമില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചിലഘട്ടങ്ങളില്‍ ഗണ്‍മാന്റെ കാറില്‍ അപൂര്‍വമായി സഞ്ചരിക്കാന്‍ ഇടവന്നിട്ടുണ്ട്. വാഹനം തകരാറിലായിട്ടോ, വീട്ടാവശ്യങ്ങള്‍ക്കോ ചിലപ്പോള്‍ ഗണ്‍മാന്റെ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ യാത്രയ്ക്കുള്ള സൗകര്യം എന്നും പാര്‍ട്ടി ചെയ്തിട്ടുണ്ട്. ചില ഒറ്റപ്പെട്ട സംഭവത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം നടത്തുകയാണ്.
കുടുംബത്തെപ്പറ്റി വിവാദങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ അവരെ അധികമാര്‍ക്കും അറിയില്ല. മക്കള്‍ എന്തുചെയ്യുന്നു?
എന്റെ ഭാര്യ ടി.പി. യമുന കൂത്തുപറമ്പ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. രണ്ട് ആണ്‍കുട്ടികള്‍. മൂത്തമകന്‍ ജെയിന്‍രാജ് ദുബായില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു. കോവിഡിനെത്തുടര്‍ന്ന് വന്ദേഭാരത് സ്‌കീമില്‍ നാട്ടിലെത്തി. രണ്ടാമത്തെ മകന്‍ ആശിഷ് പി. രാജ് മാലദ്വീപില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്നു. ആശിഷും വന്ദേഭാരത് സ്‌കീമില്‍ കപ്പലില്‍ നാട്ടിലെത്തി.
അലന്‍, താഹ വിഷയത്തില്‍ ഇന്നും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
ഇവര്‍ പാലയാട് യൂണിവേഴ്സിറ്റി സെന്ററില്‍ പഠിച്ചവരാണ്. ഇവര്‍ രണ്ടുപേരും സിപിഎം. അംഗങ്ങളാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഇരുന്നുകൊണ്ട് ഇവര്‍ മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്നനിലയില്‍ എനിക്ക് നേരിട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മാവോവാദി ബന്ധം മറച്ചുവെക്കാന്‍ ഇവര്‍ സിപിഎം. ബന്ധം കവചമാക്കുന്നു. ഇവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ട്. ആ നിലപാടില്‍ മാറ്റമില്ല. ആഗോളതലത്തില്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുമായി മാവോവാദികള്‍ക്ക് ബന്ധമുണ്ട്.
എങ്കിലും ഇവര്‍ക്കെതിരേ യു.എ.പി.എ. കേസ് ചുമത്തിയത് ശരിയല്ലെന്നാണ് എന്റെ നിലപാട്. ഇക്കാര്യത്തില്‍ ഇപ്പോഴും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. തെറ്റുകള്‍ തിരുത്താന്‍ ഇവര്‍ക്ക് സാധിക്കട്ടെ എന്നാണ് ഇവര്‍ ജയില്‍മോചിതരായപ്പോള്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ ഞാന്‍ പറഞ്ഞത്.
ഒരു തിരുവോണനാളിലായിരുന്നല്ലോ ആക്രമണത്തിന് വിധേയനായത്. ഇപ്പോള്‍ ആരോഗ്യം എങ്ങനെയുണ്ട്?
1999-ലെ തിരുവോണനാളിലായിരുന്നു ആക്രമണം നേരിട്ടത്. ഇപ്പോഴും ഫിസിയോ തെറാപ്പി നടക്കുന്നുണ്ട്. തണുപ്പാവുമ്ബോള്‍ നല്ല വേദന അനുഭവപ്പെടും. ഇതിനുപുറമേ ഹൃദ്രോഗവും വന്നു. അതിനും ചികിത്സനടക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ മുമ്പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അക്രമം കുറഞ്ഞിട്ടുണ്ടോ?
തീര്‍ച്ചയായും ഇപ്പോള്‍ വലിയ അളവില്‍ സംഘര്‍ഷം കുറഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍ ഭരണത്തിലുള്ളതുകൊണ്ട് പരമാവധി സംഘര്‍ഷം കുറയ്ക്കുക എന്ന ആര്‍.എസ്.എസ്. എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സംഘര്‍ഷം കുറഞ്ഞത്.
ഇടതുമുന്നണി തുടര്‍ഭരണം ആഗ്രഹിക്കുന്നതുകൊണ്ടാണ് അക്രമം കുറഞ്ഞതെന്നാണ് മറിച്ചുള്ള വാദം?
കേരളത്തില്‍ 14 ജില്ലകളില്‍ 13 ജില്ലകളിലും സിപിഎം. പ്രവര്‍ത്തകരെ ആര്‍.എസ്.എസ്. കൊലചെയ്തിട്ടുണ്ട്. മറിച്ചും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇത് ഒരു കണ്ണൂര്‍ പ്രതിഭാസമായി കാണാന്‍ കഴിയില്ല. സമൂഹത്തില്‍ നുഴഞ്ഞുകയറുന്നതിനുള്ള ഒരു വഴിയായാണ് ആര്‍.എസ്.എസ്. അക്രമത്തെ കാണുന്നത്.
മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി സമരം ശക്തമാവുകയാണല്ലോ. ധാര്‍മികമായി മന്ത്രി രാജിവെക്കണമെന്നു കരുതുന്നുണ്ടോ?
നാലേകാല്‍ വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ ഏറ്റവും മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. വികസനപ്രവര്‍ത്തനം നടപ്പാക്കുന്നതുമുതല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍വരെ സംസ്ഥാനസര്‍ക്കാര്‍ മികച്ച നേട്ടം കൈവരിച്ചു. സര്‍ക്കാരിനെ കുറ്റംപറയാന്‍ എതിരാളികള്‍ക്ക് വിഷയം ഇല്ലാതെവന്നപ്പോഴാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇവര്‍ പിടിച്ചത്. യു.എ.ഇ.യില്‍നിന്ന് ആര് സ്വര്‍ണം കടത്തിയെന്നതാണ് കേസിന്റെ മര്‍മം. കോണ്‍സുലേറ്റില്‍ സ്വര്‍ണക്കടത്തിന് ആരാണ് കൂട്ടുനിന്നത്. ഇവിടെയെത്തിയ സ്വര്‍ണത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്. ഇതാണ് അന്വേഷിക്കേണ്ടത്. അന്വേഷണം മാധ്യമപ്രവര്‍ത്തകനില്‍ എത്തിയപ്പോള്‍ കേസ് വഴിമുട്ടി. കാരണം കേന്ദ്രമന്ത്രി വി. മുരളീധരനും ജനം ടി.വി.യുടെ അനില്‍ നമ്പ്യാരും പറയുന്നത് ഒരേ കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനാണ് മന്ത്രി ജലീലിനെതിരായി ആരോപണമുന്നയിക്കുന്നത്. ഇത്തരം നുണപ്രചാരണങ്ങള്‍ വിലപ്പോവില്ല.
മന്ത്രി ജലീലിനെ എന്‍.ഐ.എ. ചോദ്യം ചെയ്തതോടെ പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം ഉണ്ടായിട്ടില്ലേ?
ഇടതുപാര്‍ട്ടികളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണയുദ്ധങ്ങളും നുണക്കഥകളും സമൂഹത്തിന്റെ പൊതുബോധമാക്കിമാറ്റാനുള്ള ആസൂത്രിതനീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി അണികളും ചിലപ്പോള്‍ ഇതില്‍ പെട്ടുപോവാം. ഇതിനെ നേരിടാന്‍ പാര്‍ട്ടി ബോധവത്കരണം നടത്തും.
മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.