ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള 18 വയസ്സുകാരന് മണിക്കൂറുകളോളം ഇയര്‍ബഡുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേള്‍വിശക്തി നഷ്ടപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇയര്‍ഫോണ്‍ ദീര്‍ഘനേരം ഉപയോഗിച്ചതു മൂലമുണ്ടായ അണുബാധ കാരണമാണ് ആണ്‍കുട്ടിക്ക് കേള്‍വിശക്തി നഷ്ടമായത്. എന്നാല്‍, ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ കേള്‍വിശക്തി വീണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആളുകള്‍ ദീര്‍ഘനേരം ഇയര്‍ബഡുകള്‍ ധരിക്കുമ്പോള്‍, ചെവിയുടെ കനാലിലെ ഈര്‍പ്പം വര്‍ദ്ധിക്കും, അത് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും തഴച്ചുവളരാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ ശരീരം പോലെ തന്നെ ചെവി കനാലിനും വെന്റിലേഷന്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘനേരം അടച്ചിടുന്നത് വിയര്‍പ്പ് അടിഞ്ഞുകൂടി തുടര്‍ന്നുള്ള അണുബാധയ്ക്കും കാരണമാകുന്നു.
ഹെഡ്‌ഫോണുകൾ നിങ്ങളുടെ കേൾവിയെ നശിപ്പിക്കുമോ?
ഇന്ന് എവിടെ നോക്കിയാലും എല്ലാവരുടെയും ചെവിയിൽ ഹെഡ്ഫോണുകളും ഇയർബഡുകളും ഒക്കെയാണ്. നാം ദിവസവും നടക്കാനിറങ്ങുന്ന റോഡിന് ചുറ്റും ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം ഹെഡ്ഫോണുകൾ ചെവിയിൽ വച്ചുകൊണ്ട് പാട്ട് കേട്ടും ഫോണിൽ സംസാരിച്ചുകൊണ്ടുമൊക്കെ ചുറ്റിത്തിരിയുന്ന ഒരുപാട് പേരെ! അവ നിങ്ങളുടെ ചെവിക്ക് സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഇയർബഡുകളുടെയും ഹെഡ്‌ഫോണുകളുടെയുമെല്ലാം ഉപയോഗം നിങ്ങളുടെ ശ്രവണശേഷിക്ക് കേടുവരുത്താൻ കാരണമാകുന്നു. ഇതിൽ നിന്ന് സ്വയം രക്ഷ നേടാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
ഒഴിവ് സമയങ്ങളിലോ അല്ലെങ്കിൽ ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രകളിലോ മറ്റോ എല്ലായ്പ്പോഴും പാട്ട് കേൾക്കാനായി എപ്പോഴും നമ്മുടെ പോക്കറ്റിൽ ഒരു സ്മാർട്ട്‌ഫോണും അതിൽ നിന്ന് നിങ്ങളുടെ ചെവിയിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ജോഡി ഹെഡ്‌ഫോണുകളും കയ്യിലുണ്ടാകും. സംഗീതം കേൾക്കുന്നത് പലപ്പോഴും നമുക്ക് ആസ്വാദ്യകരമാകാമെങ്കിലും തുടർച്ചയായുള്ള ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം നിർഭാഗ്യവശാൽ നമ്മുടെ ഓരോരുത്തരുടെയും കേൾവി ശക്തിക്ക് കേടുപാടുകൾ സൃഷ്ടിക്കാൻ കാരണമാകുന്നവയാണ്.
വേണം ചില മുൻകരുതലുകൾ
ഹെഡ്‌ഫോണുകളുടെയും ഇയർബഡുകളുടെയെല്ലാം അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്ന മുതിർന്നവരേയും ഇതേ പ്രശ്നങ്ങൾ അകാലത്തിൽ തന്നെ തേടി വരുന്നതായി കണ്ടെത്തി. ഹെഡ്‌ഫോണുകളോ മറ്റ് ഓഡിയോ ഉപകരണങ്ങളോ മൂലം കേൾവി ശക്തി തകരാറുകൾ ഉണ്ടാകാതിരിക്കാനായി വേണ്ട മുൻകരുതൽ എടുത്തു കൊണ്ട് എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകും എന്ന് നോക്കിയാലോ?
ഉയർന്ന ശബ്ദം എങ്ങനെ നിങ്ങളിൽ കേൾവി തകരാറുകൾ ഉണ്ടാക്കുന്നു?
ഹെഡ്‌ഫോണുകളുടെ പ്രധാന അപകടം വോളിയം (Volume) അഥവാ ശബ്ദമാണ്. അവ നിങ്ങളുടെ ചെവിക്ക് വളരെ അടുത്തതായതു കൊണ്ടുതന്നെ ഉയർന്ന രീതിയിൽ ശബ്ദമുണ്ടാക്കാൻ കഴിയും. ഇത് നിങ്ങളുടെ കേൾവിക്ക് ഏറ്റവും അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പൊതുവേ നിങ്ങളുടെ ചെവിക്ക് ദോഷം ചെയ്യുന്നു.
ശബ്‌ദ തരംഗങ്ങൾ നമ്മുടെ കാതുകളിൽ എത്തുമ്പോൾ, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഏറ്റവും ചെറുതും ലോലവുമായ അസ്ഥികൾ ഉള്ളത് ചെവികളിൽ ആണെന്ന കാര്യം അറിയാമല്ലോ. ഇത്തരം പ്രകമ്പനങ്ങൾ നിരവധി ചെറിയ അസ്ഥികളെ വിറപ്പിച്ചുകൊണ്ട് ആന്തരിക സ്ഥാനമായ കോക്ലിയയിൽ എത്തിച്ചേരുന്നു. നിങ്ങളുടെ ചെവിയിൽ ഏറ്റവുമധികം ദ്രാവകങ്ങൾ നിറഞ്ഞ അറയാണ് കോക്ലിയ, അതിൽ ആയിരക്കണക്കിന് ചെറിയ “രോമകൂപങ്ങൾ” കുടികൊള്ളുന്നു. ശബ്ദ പ്രകോപനങ്ങൾ കോക്ലിയയിൽ എത്തുമ്പോൾ, അതിനുള്ളിലെ ദ്രാവകങ്ങൾ സ്പന്ദിക്കുകയും രോമങ്ങൾ അതിൻറെ പ്രഭവ സ്ഥാനത്തു നിന്ന് ചലിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഉച്ചത്തിലുള്ള ശബ്‌ദം ശക്തമായ പ്രകമ്പനങ്ങൾക്ക് കാരണമാകുമ്പോൾ ഇത് രോമങ്ങൾ കൂടുതൽ ചലിക്കാൻ കാരണമാകുന്നു.
വളരെ ഉച്ചത്തിലുള്ള ശബ്‌ദം നിങ്ങൾ കൂടുതൽ നേരം കേൾക്കുമ്പോൾ, ഈ രോമ കോശങ്ങൾക്ക് ശബ്ദ പ്രകമ്പനങ്ങളോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുന്നു. ഉച്ചത്തിലുള്ള പല ശബ്ദങ്ങളും കോശങ്ങളെ വളയുകയും മടക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ ചെവി ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾക്ക് വിധേയമാമ്പോൾ നിങ്ങൾക്ക് താൽക്കാലികമായി ശ്രവണ നഷ്ടം അനുഭവപ്പെടാൻ തുടങ്ങുന്നു. ഉയർന്ന ശബ്‌ദം മൂലമുണ്ടാകുന്ന താൽക്കാലിക ശ്രവണ നഷ്ടത്തിൽ നിന്നും കരകയറാനായി ഇത്തരം രോമ കോശങ്ങൾക്ക് കുറച്ചു സമയം വിശ്രമം ആവശ്യമായ വരുന്നു.
എങ്കിൽ തന്നെയും ചില സന്ദർഭങ്ങളിൽ, കോശങ്ങൾക്ക് ഒരിക്കലും പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു വരാൻ കഴിയാതെ വരുന്നു. സാധാരണ പോലെ പഴയ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്തവിധം അവയ്ക്ക് കേടുപാടുകൾ സംഭവിച്ചേക്കാം. ഇത് ശാശ്വതമായ ശ്രവണ നഷ്ടത്തിലേക്ക് നയിക്കുന്നു. ഇത്തരത്തിൽ ശബ്‌ദമുണ്ടാക്കുന്ന ശ്രവണ കേടുപാടുകൾ വീണ്ടെടുക്കാൻ ഏതാണ്ട് അസാധ്യമാണ്. ആന്തരികമായി സംഭവിച്ച ശ്രവണ വൈകല്യത്തെ പുനഃസ്ഥാപിക്കാൻ ഒരു ചികിത്സയും ഇന്ന് നിലവിലില്ല.
ഹെഡ്‌ഫോണുകളുടെ ഉപയോഗവും കേൾവിശക്തിയും
ഉച്ചത്തിലുള്ള സ്പീക്കറുൾ പോലുള്ളവ കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പോലെ തന്നെ ഹെഡ്‌ഫോണുകളും നിങ്ങളുടെ ചെവിക്ക് കേടുപാടുകൾ വരുത്താൻ കാരണമാകുന്നു. കാലക്രമേണ നിങ്ങളുടെ ഹെഡ്‌ഫോണുകളിൽ നിന്നുള്ള ശബ്ദ തരംഗങ്ങൾ കോക്ലിയയിലെ രോമ കോശങ്ങളെ വളരെ ധാരുണമായി വളഞ്ഞാക്രമിക്കുന്നു. സ്വയം വീണ്ടെടുത്ത് പൂർവസ്ഥിതിയിലാകാൻ അവയ്ക്ക് ആവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ, ഉണ്ടാകുന്ന കേടുപാടുകൾ ശാശ്വതമായിരിക്കും.
നിങ്ങളുടെ ചെവികൾക്ക് കേടുപാടുകൾ വരുത്താനായി ഹെഡ്‌ഫോണുകൾ വളരെ ഉച്ചത്തിൽ പ്രവർത്തിക്കണമെന്നില്ല. ഹെഡ്‌ഫോണുകളോ ഇയർബഡുകളോ മിതമായ അളവിൽ കേൾക്കുന്നത് പോലും കാലക്രമേണ നിങ്ങളുടെ ശ്രവണ ശേഷിയെ തകർത്തു കളയും. ഇതിനർത്ഥം, ഉയർന്ന ശബ്‌ദത്തിന്റെ തരംഗങ്ങൾ മാത്രമല്ല നിങ്ങളുടെ ചെവിക്ക് കേടുപാടുകൾ സംഭവിക്കാൻ അവസരമൊരുക്കുന്നത് എന്നാണ്. എക്‌സ്‌പോഷറിന്റെ ദൈർഘ്യം, വോളിയം പോലെ തന്നെ ഇവിടെ പ്രധാനമാണ്. ഉദാഹരണത്തിന് ഉച്ചത്തിലുള്ള ഒരു വെടിവയ്പ്പോ അല്ലെങ്കിൽ സ്ഫോടനമോ പോലെ തന്നെ നീണ്ട നേരമുള്ള ഒരു സംഗീത കച്ചേരിയോ അല്ലെങ്കിൽ പവർ ടൂളുകളുടെ ഉപയോഗവുമൊക്കെ ഇതേ കാരണത്താൽ നിങ്ങളുടെ കേൾവി ശക്തിയെ നശിപ്പിക്കാൻ കാരണമാകുന്നു
ഹെഡ്‌ഫോണുകൾ മൂലം ചെവിയ്ക്കുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കുന്നതെങ്ങനെ?
ഹെഡ്‌ഫോണുകൾ ഉണ്ടാക്കുന്ന ശ്രവണ സംബന്ധമായ കേടുപാടുകളെ ഒഴിവാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. മിക്ക ആളുകളും അവരുടെ ഹെഡ്‌ഫോൺ ഉപയോഗ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം എന്നത് മാത്രമേ ആവശ്യം വരുന്നുള്ളൂ.
വോളിയം കുറയ്ക്കാം
നിങ്ങളുടെ ശ്രവണ ശേഷിയെ പരിരക്ഷിക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മാറ്റം നിങ്ങളുടെ ഉപകരണങ്ങളുടെ വോളിയം കുറയ്ക്കുക എന്നതാണ്. പ്രധാനമായും വളരെ ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാകുമ്പോഴാണ് ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുന്നത്. നിങ്ങളുടെ എക്‌സ്‌പോഷർ പരിമിതപ്പെടുത്തുന്നത് നിങ്ങളുടെ ചെവികളെ മികച്ച രീതിയിൽ കാത്തു സംരക്ഷിക്കും.
നോയ്സ് ക്യാൻസലിങ്ങ് ഹെഡ്‌ഫോണുകൾ ഉപയോഗിക്കാം
പുറത്തു നിന്നുള്ള മറ്റ് ശബ്‌ദങ്ങളെ ഒഴിവാക്കിക്കൊണ്ട് മികച്ച ശ്രവണാനുഭവം കാഴ്ചവയ്ക്കുന്ന ഒന്നാണ് നോയ്സ് ക്യാൻസലിങ്ങ് ഹെഡ്‌ഫോണുകൾ (noise cancelling headphones). നിങ്ങളുടെ ഉപകരണങ്ങളിലെ ശബ്‌ദം കുറയ്‌ക്കാനും നിങ്ങളുടെ ചെവികളെ പരിരക്ഷിക്കാനുമുള്ള ഒരു മികച്ച മാർഗമാണിവ. ഈ ഹെഡ്‌ഫോണുകൾ ബാഹ്യ ശബ്‌ദങ്ങളെ ഇല്ലാതാക്കുന്നത് വഴി നിങ്ങളുടെ സംഗീതവും വീഡിയോകളുമെല്ലാം ശ്രദ്ധ വ്യതിചലിക്കാതെ കുറഞ്ഞ ശബ്ദത്തിൽ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നു.
ഓവർ – ദ – ഇയർ ഹെഡ് ഫോൺ ഉപയോഗിക്കാം
മുകളിൽ സൂചിപ്പിച്ചതു പോലെ, ഓഡിയോളജിസ്റ്റുകൾ ഇൻ-ഇയർ (in-ear) അല്ലെങ്കിൽ ഇയർബഡ് സ്റ്റൈൽ മോഡലുകൾക്ക് പകരം ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ (Over-Ear – Headphones) ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ മറ്റുള്ളവ പോലെ ചെവിക്കുള്ളിൽ വയ്ക്കാതെ ചെവിയുടെ പുറത്തായി ഉറപ്പിച്ചു വയ്ക്കാൻ സാധിക്കുന്നവയാണ്. ഇവ നിങ്ങളുടെ ചെവികളും സ്പീക്കറുകളും തമ്മിലുള്ള ദൂരം വർദ്ധിപ്പിക്കുകയും കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നിങ്ങളുടെ എക്‌സ്‌പോഷർ പരിമിതപ്പെടുത്തുക
ശബ്‌ദം കുറയ്ക്കുന്നതിനൊപ്പം, നിങ്ങളുടെ ജീവിതശൈലിയിൽ ശ്രവണ സമയം കുറച്ചുകൊണ്ടു വരുന്നത് നിങ്ങളുടെ ചെവികളെ പരിരക്ഷിക്കാൻ സഹായിക്കും. ഇതിനായി നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു “60-60 റൂൾ” കൊണ്ടുവരാം. പരമാവധി വോളിയത്തിന്റെ 60% ഉച്ചത്തിൽ മാത്രം കേൾക്കുക. അതോടൊപ്പം 60 മിനിറ്റിൽ കൂടുതൽ കേൾക്കാതിരിക്കുകയും ചെയ്യാം.
ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗം മൂലം ഇതിനോടകം തന്നെ നിങ്ങളുടെ ചെവികൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിൽ നിർഭാഗ്യവശാൽ നിങ്ങളുടെ ചെവികൾ ഒരിക്കലും പൂർണ്ണമായും സുഖപ്പെടില്ല. എന്നിരുന്നാലും ഇക്കാരണം കൊണ്ട് നിങ്ങൾക്ക് ഇനി ഒരിക്കലും നന്നായി കേൾക്കാൻ കഴിയില്ല എന്ന് ഇതിനർത്ഥമില്ല. ലൈസൻസുള്ള മികച്ച ഏതെങ്കിലുമൊരു ഓഡിയോളജിസ്റ്റിനെ സമീപിച്ച് ശ്രവണസഹായി വാങ്ങി ഉപയോഗിച്ചാൽ ശ്രവണശേഷി പുനസ്ഥാപിക്കാനും വീണ്ടും കേൾക്കുന്നതെല്ലാം പഴയപടി ആക്കി തീർക്കാനും കഴിയും.