26.8 C
Kottayam
Monday, April 29, 2024

‘കേന്ദ്രസർക്കാർ ഫോണുകൾ ചോർത്തുന്നു’; ആപ്പിളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതായി പ്രതിപക്ഷ നേതാക്കൾ

Must read

ന്യൂഡല്‍ഹി: തങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഫോൺ കമ്പനിയിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതായുള്ള ഗുരുതര വെളിപ്പെടുത്തലുമായി ശശി തരൂർ അടക്കമുള്ള പ്രതിപക്ഷ എംപിമാർ. ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് സന്ദേശം ലഭിച്ചെന്നാണ് വെളിപ്പെടുത്തൽ.

കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയങ്ക, തരൂര്‍, മഹുവ, പവന്‍ ഖേര തുടങ്ങിയവര്‍ ആപ്പിളില്‍നിന്ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

‘മുന്നറിയിപ്പ്: സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് അറ്റാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യംവെക്കുന്നുണ്ടാകാം എന്ന് ആപ്പിള്‍ കരുതുന്നു’ എന്ന് ആപ്പിളിന്‍റെ സന്ദേശത്തിൽ പറയുന്നതായി പ്രിയങ്കാ ചതുര്‍വേദി പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട് വ്യക്തമാക്കുന്നു. നിങ്ങള്‍ ആരാണെന്നതോ നിങ്ങള്‍ എന്തുചെയ്യുന്നു എന്നതോ ആകാം ഇവര്‍ നിങ്ങളെ ലക്ഷ്യംവെക്കാന്‍ കാരണം.

ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നപക്ഷം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ക്യാമറ, മൈക്രോഫോണ്‍ എന്നിവ പോലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയ അറ്റാക്കര്‍ക്ക് രഹസ്യമായി ഉപയോഗപ്പെടുത്താനാകും. ഇതൊരു തെറ്റായ മുന്നറിയിപ്പാകാന്‍ സാധ്യതയുണ്ടെങ്കിലും ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം, സന്ദേശത്തിൽ പറയുന്നു.

എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ തുടങ്ങിയവര്‍ക്കും ഇത്തരം സന്ദേശം ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week