കോട്ടയം: തനിക്കെതിരായ പി.സി ജോര്‍ജിന്റെ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണി പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ്. ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
യുഡിഎഫില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച തനിക്കെതിരെ ഉമ്മന്‍ ചാണ്ടി പാരവച്ചെന്ന് കഴിഞ്ഞ ദിവസം ജോര്‍ജ് പറഞ്ഞിരുന്നു. പാരയുടെ രാജാവാണ് ഉമ്മന്‍ ചാണ്ടി. കെ.കരുണാകരനെയും എ.കെ.ആന്റണിയേയും പാരവച്ച് താഴെയിറക്കിയ ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും ജോര്‍ജ് പറഞ്ഞിരിന്നു.
പി.സി ജോര്‍ജിന്റെ വാക്കുകള്‍
യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണ്. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നത്.
ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തിലാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനമാണ് ഇനിയും ധാരണയില്‍ എത്താതത്. 12 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.
പി.ജെ ജോസഫിന് കൊവിഡ് ബാധിച്ചതിനാല്‍ സീറ്റ് വിഭജന ചര്‍ച്ച മാറ്റിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അധികം വൈകാതെ ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്. രണ്ട് സീറ്റ് അധികമായി ആവശ്യപ്പെടുന്ന ആര്‍എസ്പിയുമായി ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.