യുവാവിനെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിച്ച പ്രതി പിടിയിൽ
അഞ്ചാലുംമൂട് ; യുവാവിനെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിലായിരിക്കുന്നു. തൃക്കടവൂർ കുരീപ്പുഴ ചിറക്കരോട്ട് വീട്ടിൽ ആൻസലിനെയാണ് (26) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ വൈരാഗ്യത്തെ തുടർന്ന് രണ്ട് ദിവസം മുൻപ് കുരീപ്പുഴ തെക്കേവിള കിഴക്കതിൽ ഹെൻട്രിയുടെ ഭാര്യ ഗീതയുടെ കൈ അടിച്ചൊടിക്കുകയും മകൻ ജോസഫിനെ മർദിക്കുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതി വിഷ്ണു ഒളിവിലാണ്. കുരീപ്പുഴയിൽ മറ്റൊരു വീട്ടിലും ആൻസലും വിഷ്ണുവും ചേർന്ന് സമാന രീതിയിൽ നടത്തിയ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. എന്നാൽ അതേസമയം അവർ പ്രതികളെ ഭയന്ന് പൊലീസിന് മൊഴി നൽകിയിട്ടില്ല. ആൻസലിനെതിരെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ മാത്രം 15 കേസുണ്ട്. സിഐ അനിൽകുമാർ, എഎസ്ഐ ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. റിമാൻഡ് ചെയ്തു.