ഒളിമ്പിക്സ് ഹോക്കി വനിതകളും സെമിയിൽ പുറത്ത്
ടോക്യോ:പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സ് ഫൈനൽ കാണാതെ പുറത്ത്. അർജന്റീനയാണ് ഇന്ത്യയെ കീഴടക്കിയത്. ഫൈനൽ ലക്ഷ്യം വെച്ച് സെമി ഫൈനലിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനൽ ബെർത്തുറപ്പിച്ചു.
അർജന്റീനയ്ക്ക് വേണ്ടി നായിക മരിയ നോയൽ ബരിയോനുവേനോ ഇരട്ട ഗോളുകൾ നേടി വിജയശിൽപ്പിയായപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി ഗുർജിത് കൗർ ലക്ഷ്യം കണ്ടു. ഇതോടെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് സ്വർണമെന്ന സ്വപ്നം തകർന്നു.ഒരു ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.
വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. ഇന്ത്യൻ വനിതാ ഹോക്കി ടീം ഇതുവരെ ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടില്ല. മറ്റൈാരു സെമിയിൽ ബ്രിട്ടനെ കീഴടക്കി നെതൽലൻഡും ഫൈനലിൽ പ്രവേശിച്ചു.
മത്സരം തുടങ്ങിയപ്പോൾ തൊട്ട് ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ പെനാൽട്ടി കോർണർ നേടിയെടുത്തു. ആദ്യ പെനാൽട്ടി കോർണറിൽ നിന്നും തന്നെ ഗോൾ കണ്ടെത്തി ഇന്ത്യ അർജന്റീനയെ ഞെട്ടിച്ചു. പരിചയസമ്പന്നയായ ഗുർജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ക്വാർട്ടറിൽ ഗുർജിതാണ് ഇന്ത്യയ്ക്ക് വേണ്ടി ഏകഗോൾ നേടിയത്.
ഗോൾ വഴങ്ങിയതോടെ അർജന്റീന ആക്രമിച്ച് കളിക്കാൻ ആരംഭിച്ചു. പക്ഷേ ഇന്ത്യൻ പ്രതിരോധം അവരെ സമർഥമായി തന്നെ നേരിട്ടു. ആദ്യ ക്വാർട്ടറിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല.
രണ്ടാം ക്വാർട്ടറിൽ ഇന്ത്യ പ്രതിരോധത്തിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. നിരന്തരം ആക്രമിച്ച അർജന്റീന ഒടുവിൽ ലക്ഷ്യം കണ്ടു. പെനാൽട്ടി കോർണറിൽ നിന്നും 18-ാം മിനിട്ടിൽ ബരിയോനുവേനോയാണ് അർജന്റീനയ്ക്കായി സമനില ഗോൾ കണ്ടെത്തിയത്. അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ഇന്ത്യയ്ക്ക് വിനയായത്.
ഗോൾ വഴങ്ങിയതോടെ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ആക്രമിച്ച് കളിക്കാൻ ആരംഭിച്ചു. അതിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് പെനാൽട്ടി കോർണറുകൾ നേടിയെടുത്തെങ്കിലും ഗോൾ നേടാനായില്ല.
മൂന്നാം ക്വാർട്ടറിൽ ഗോൾ നേടാനായി ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. മുന്നേറ്റനിര വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുത്തതുമില്ല. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളവസരമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞില്ല.
എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് അർജന്റീന മൂന്നാം ക്വാർട്ടറിൽ ലീഡെടുത്തു. ഇത്തവണയും നായിക ബരിയോനുവേനോയാണ് അർജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. പെനാൽട്ടി കോർണറിൽ നിന്നും പന്ത് സ്വീകരിച്ച ബരിയോനുവേനോയുടെ ഷോട്ട് വ്യതിചലിച്ച് പോസ്റ്റിൽ കയറുകയായിരുന്നു. ഇത് നോക്കി നിൽക്കാനേ ഇന്ത്യൻ ഗോൾകീപ്പർക്ക് സാധിച്ചുള്ളൂ. ഗോൾ വഴങ്ങിയതോടെ ഇന്ത്യ പതറി.
നാലാം ക്വാർട്ടറിൽ ലാൽറെംസിയാമിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഇന്ത്യയ്ക്കുള്ള ഗോളാക്കി മാറ്റാൻ സാധിച്ചില്ല. പിന്നാലെ പെനാൽട്ടി കോർണറിലൂടെ ഗുർജിത് വീണ്ടും ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും ആ ശ്രമം അർജന്റീന ഗോൾകീപ്പർ തട്ടിയകറ്റി. അവസാന മിനിട്ടുകളിൽ സമനില നേടാനായി പരമാവധി ശ്രമിച്ചെങ്കിലും അർജന്റീന പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.