KeralaNews

അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍.എസ്.എസ്

കോട്ടയം: മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍.എസ്.എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുന്നറിയിപ്പുനല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളാണ് പറയുന്നത്. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരിടവേളയ്ക്ക് ശേഷമാണ് എന്‍.എസ്.എസ് വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. മന്നം ജയന്തി സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിക്കുന്നില്ല, നിയന്ത്രിത അവധിയായി മാത്രമാണ് കണക്കാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മന്നം ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. പക്ഷേ സമ്പൂര്‍ണ അവധിയായി മന്നം ജയന്തി ദിനത്തെ അംഗീകരിക്കുന്നില്ലെന്നും എന്‍.എസ്.എസിനോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു.

എന്‍.എസ്.എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. എന്‍.എസ്.എസ് ഉന്നയിച്ച പ്രശ്നം അടിയന്തിരമായി പരിഗണിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പക്ഷം പിടിക്കാത്തതുകൊണ്ടായിരിക്കാം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍ പറഞ്ഞു.

‘സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും മന്നത്തുപത്മനാഭന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് പല സന്ദര്‍ഭങ്ങളില്‍ ബഹുമതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് ഒരു കാര്യം മാത്രമേ എന്‍.എസ്.എസ് ആവശ്യപ്പെട്ടുള്ളൂ. വൈകിയാണെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് മന്നം ജയന്തിയായ ജനുവരി 2 പൊതു അവധിയായി പ്രഖ്യാപിച്ചത്. ഈ അവധി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യമാണ് ഇപ്പോഴത്തെ സര്‍ക്കാരിനോട് ഉന്നയിച്ചത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പുനയം ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് അവര്‍ കരുതണം’. എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു.

സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ് മന്നം. ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും ഇന്ന് പുഷ്പാര്‍ച്ചന നടക്കും. 1878 ജനുവരി 2നാണ് മന്നത്ത് പത്മനാഭന്‍ ജനിച്ചത്. ദാരിദ്ര്യത്തിനിടയിലും സ്വപ്രയത്നത്താന്‍ പഠിച്ച മന്നം, ഹര്‍ജി എഴുത്തുകാരനായും അധ്യാപകനായും വക്കീലായും ജോലി ചെയ്തിട്ടുണ്ട്.

കേരളത്തില്‍ വളര്‍ന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ രംഗപ്രവേശം ചെയ്യുന്നത്. നായര്‍ സമൂഹത്തിനകത്ത് അന്ന് നിലനിന്നിരുന്ന തെറ്റായ സമ്പ്രദായങ്ങളെയെല്ലാം തുറന്നെതിര്‍ത്തു. ആ പരിഷ്‌കാരണ പ്രവര്‍ത്തനങ്ങള്‍ കേവലം നായര്‍ സമുദായത്തില്‍ മാത്രമായി ഒതുങ്ങിയെല്ലന്നാണ് പ്രത്യേകത.

നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിച്ചതോടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഇതര ഹൈന്ദവ സംഘടനകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറായി. അവര്‍ണര്‍ക്കായി ക്ഷേത്ര നടകള്‍ തുറന്നുകൊടുക്കുന്നതിനും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനും മന്നത്ത് പത്മനാഭന്‍ എന്നും മുന്‍നിരയിലുണ്ടായിരുന്നു. സമൂഹത്തില്‍ സാമൂഹ്യനീതിയുറപ്പാക്കാന്‍ ഏറെ പ്രയത്നിച്ച മന്നത്തിന്റെ സ്മരണ കേരള ജനതയുടെ മനസില്‍ എന്നുമുണ്ടാകുമെന്നാണ് ഓരോ വര്‍ഷവും മന്നം ജയന്തി അടിവരയിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button