26.7 C
Kottayam
Wednesday, April 24, 2024

ദുരുപയോഗം സംബന്ധിച്ച വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ അന്വേഷണം – പെഗാസസ് നിര്‍മാതാക്കള്‍

Must read

ജെറുസലേം: ഫോൺ ചോർത്തൽ നിരീക്ഷണ വിവാദത്തിൽ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അത് വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ. അറിയിച്ചു. അതേസമയം മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തെത്തിയിരുന്നു. 17 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വഷണം നടത്തും. ആവശ്യമെങ്കിൽ ചാര സോഫ്റ്റ് വെയർ തന്നെ നിർത്തലാക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണത്തിന് ആധാരമായ, ചോർത്തലിനോ നിരീക്ഷണത്തിനോ വിധേയമായവയുടെ പട്ടികയെ ഞായറാഴ്ച മുതൽ എൻ.എസ്.ഒ. നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചോർത്തലിന് വിധേയമായ ചില ഫോണുകളിൽ പെഗാസസ് പ്രവർത്തിച്ചിരുന്നതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ് വെയർ നൽകുന്നതെന്ന് എൻ.എസ്.ഒ. അവകാശപ്പെട്ടു. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും ആവർത്തിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും അവർ പറഞ്ഞു. പെഗാസസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ ഇസ്രയേൽ മുതിർന്ന മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവന വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week