30.6 C
Kottayam
Tuesday, April 30, 2024

പാർലമെന്റിൽ ഇനി ‘സർ’ സംബോധനയില്ല;കാരണമായത് ശിവസേന എം.പിയുടെ ഇടപെടല്‍

Must read

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലെ അധ്യക്ഷസംബോധന ഇനി ലിംഗനിഷ്പക്ഷമാവും. സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോള്‍ ‘സര്‍’ എന്ന പദം ഉപയോഗിക്കുന്ന പതിവാണ് നിലവില്‍. ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദി പാര്‍ലമെന്ററി കാര്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി സഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളിലും ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചതായി പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിലൂടെ അറിയിച്ചു.

ഓഗസ്റ്റിലാണ് പ്രിയങ്ക കത്തയച്ചത്. പാര്‍ലമെന്റിലെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമ്പോള്‍ ‘സര്‍’ എന്നാണുപയോഗിക്കുന്നതെന്നും ജനാധിപത്യത്തിന്റെ മുഖ്യകേന്ദ്രമായ പാര്‍ലമെന്റിനുള്ളില്‍ തന്നെ ലിംഗവിവേചനം സുസ്ഥാപിതമായി തുടരുന്നത് വനിതാഅംഗമെന്ന നിലയില്‍ ഏറെ വിഷമമുണ്ടാക്കുന്നതായി എം.പി. കത്തില്‍ സൂചിപ്പിച്ചു.

താനയച്ച കത്തും രാജ്യസഭാസെക്രട്ടറിയേറ്റില്‍ നിന്ന് ലഭിച്ച മറുപടിക്കത്തും പ്രിയങ്ക ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. സഭയിലെ എല്ലാ നടപടികളിലും അധ്യക്ഷനെയാണ് സംബോധന ചെയ്യുന്നതെന്നും എങ്കിലും രാജ്യസഭയുടെ അടുത്ത സമ്മേളനം മുതല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുള്‍പ്പെടെ എല്ലാ നടപടികളും ലിംഗനിഷ്പക്ഷമാക്കാന്‍ എല്ലാ മന്ത്രാലയങ്ങളേയും അറിയിക്കുമെന്നും രാജ്യസഭാ സെക്രട്ടറിയേറ്റില്‍ നിന്നുള്ള കത്തില്‍ പറയുന്നു.

തുല്യതയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ഇതൊരു ചെറിയ മാറ്റമാണെന്ന് തോന്നുമെങ്കിലും പാര്‍ലമെന്ററി കാര്യങ്ങളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ ഈയൊരു ചെറിയ മാറ്റം വഴിയൊരുക്കുമെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week