KeralaNews

നിപയെ ഒരു സാധ്യതയായി കാണരുത്, ആരോഗ്യമന്ത്രി വിവരമില്ലാത്ത വ്യക്തി; വിമർശനവുമായി കെ.എം ഷാജി

മലപ്പുറം: നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. ദയവ് ചെയ്ത് മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്ര​ഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

നിപ എന്ന് പറഞ്ഞാല്‍ ഓര്‍മവരുക വവ്വാലിനെയാണ്. ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്‍മ വരുന്നത് മുഖ്യമന്ത്രിയേും. ഏഴ് മാസത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഒറ്റ ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ഷാജി കുറ്റപ്പെടുത്തി.

നിങ്ങള്‍ക്ക് ദുരന്തം എന്ന് കേൾക്കുമ്പോള്‍ സന്തോഷമാണ്. പിരിവ് എടുക്കാന്‍ പറ്റിയ പണിയാണ്. ആളുകളെ ബുദ്ധിമുട്ടിക്കാം. ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്താം. വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്താന്‍ പറ്റിയ പണിയാണ്. പിന്നെ മകള്‍ക്കും മകനും മോഷ്ടിക്കാം. അതിനിടയിലൂടെ നിപയും മറ്റും വന്ന് പോകും, ഷാജി പറഞ്ഞു.

പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി.

ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍വലന്‍സ് ടീം തുടക്കത്തില്‍ തന്നെ നിപ വൈറസ് കണ്ടുപിടിക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ നടത്തി. തുടര്‍ന്ന് ടീം സ്വീകരിച്ച നടപടികളാണ് രോഗ വ്യാപനത്തെ ഫലപ്രദമായി തടയുന്നതിന് സഹായിച്ചത്. ഔട്ട് ബ്രേക്ക് സമയത്ത് തന്നെ ആദ്യ കേസ് കണ്ടുപിടിക്കാന്‍ സാധിച്ചത് ആദ്യമായിട്ടാണ്. രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിടിക്കാനും വേഗത്തില്‍ പ്രതിരോധമൊരുക്കാനും സാധിച്ചത്. എന്ത് കൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സര്‍വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നത്.

നിപ പ്രതിരോധത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനം പ്രവര്‍ത്തിച്ചു വരുന്നു. 81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വര്‍ഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. ഈ വര്‍ഷം പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ കലണ്ടറിലും നിപ പ്രതിരോധമുണ്ട്. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരിഡ് എങ്കിലും വീണ്ടും 21 ദിവസം കൂടി പ്രവര്‍ത്തനം നടത്തും. അതിനാല്‍ 42 ദിവസം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്. മൃഗ സംരക്ഷണം, വനം വകുപ്പുകളുടെ സഹകരണത്തോടെ വണ്‍ ഹെല്‍ത്ത് ശക്തിപ്പെടുത്തുന്നതാണ്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker